അഫ്ഗാനിസ്ഥാനെതിരെയുള്ള വണ്‍ ഓഫ് ടെസ്റ്റിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം സൈരാജ് ബഹുതുലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബൗളിങ് പരിശീലകനായി നിയമിച്ചു.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളുടെ സ്പിന്‍ ബൗളിങ് പരിശീലകനായി ബഹുതുലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗുജറാത്ത്, കേരളം, വിദര്‍ഭ, ബംഗാള്‍ എന്നീ ടീമുകളുടെ മുഖ്യ പരിശീലകനായും മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2022ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പരിശീലകനായും സൈരാജ് ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യ എ ടീമിനൊപ്പവും മുന്‍ ഇന്ത്യന്‍ താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 മുതല്‍ 2024 വരെ ബി.സി.സി.ഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലും ബഹുതുലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
🚨 News 🚨
BCCI appoints Sairaj Bahutule as India’s Spin Bowling Coach.
ജൂണ്‍ ആറ് മുതല്‍ 11 വരെയാണ് അഫ്ഗാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ ജൂണ്‍ 14 മുതല്‍ 20 വരെ ഏകദിന പരമ്പരയും നടക്കും. അഫ്ഗാനെതിരെയുള്ള ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്തിരുന്നു. കെ.എല്‍ രാഹുലാണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍. യുവതാരം മാനവ് സുത്താര്‍ ടീമില്‍ ഇടം നേടി.
അതേസമയം ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനാണ് സെക്കന്റ് വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്.
രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഏകദിന ടീമില്‍ ഇടം പിടിച്ചെങ്കിലും ഇരുവരുടെയും ഫിറ്റ്നസ് വിലയിരുത്തിയതിന് ശേഷമായിരിക്കും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുക.
ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ടീമില്‍ അവസരം ലഭിച്ചില്ല. പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, കുര്‍ണൂര്‍ ബ്രാര്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി.