കൊല്ലം: മുന്‍ സര്‍ക്കാര്‍ അഭിഭാഷകനായ പി.ജി. മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് വാടകയ്‌ക്കെടുത്ത് വീട്ടിലാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു മനു. 2018 ല്‍ ഉണ്ടായ ലൈംഗികാതിക്രമ കേസില്‍ അഞ്ച് വര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ കേസ്. മനു ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചും ബലാത്സഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി.
ബലാത്സംഗം, ഐ.ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മനുവിനെതിരെ കേസെടുത്തിരുന്നത്. മനു അയച്ച വാട്‌സ്ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ജനുവരിയിലാണ് അഭിഭാഷകന്‍ ഡി.വൈ.എസ്.പിക്ക് മുന്നില്‍ കീഴടങ്ങിയത്. പിന്നീട് ജാമ്യം ലഭിച്ചു.
രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പ്രോസിക്യൂഷനും അറിയിച്ചിരുന്നു.
Content Highlight: Former government lawyer PG Manu found dead in rented house