ഇസ്രഈലിനെതിരെ സംയുക്ത ഉപരോധം ചുമത്തണം; തുറന്ന കത്തുമായി 102 ബ്രിട്ടീഷ്, ഫ്രഞ്ച് മുന്‍ നയതന്ത്ര പ്രതിനിധികള്‍
World
ഇസ്രഈലിനെതിരെ സംയുക്ത ഉപരോധം ചുമത്തണം; തുറന്ന കത്തുമായി 102 ബ്രിട്ടീഷ്, ഫ്രഞ്ച് മുന്‍ നയതന്ത്ര പ്രതിനിധികള്‍
റെന്വര്‍ പി
Sunday, 23rd August 2026, 12:45 pm

പാരീസ്: ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രഈലിനെതിരെ ഫ്രാന്‍സും ബ്രിട്ടണും സംയുക്ത ഉപരോധം ചുമത്തണമെന്ന ആവശ്യവുമായി ഇരു രാജ്യങ്ങളുടെയും 102 മുന്‍ നയതന്ത്ര പ്രതിനിധികള്‍. ഫ്രഞ്ച് മാധ്യമമായ ലി മോന്ദില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിലാണ് ഇരു രാജ്യങ്ങളുടെയും മുന്‍ നയതന്ത്ര പ്രതിനിധികള്‍ ഈ കാര്യം ആവശ്യപ്പെട്ടത്.

ഫ്രാന്‍സും യുണൈറ്റഡ് കിങ്ഡവും ഫലസ്തീനില്‍ അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് കത്തില്‍ പറയുന്നു. ഇസ്രഈലികള്‍ക്കും ഫലസ്തീനികള്‍ക്കും തുല്യ അവകാശങ്ങള്‍ക്കായി ഇരു സര്‍ക്കാരുകളും സമ്മര്‍ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദികളായവരെ ഉത്തരം പറയാന്‍ ബാധ്യസ്ഥരാക്കണം. അത്തരം നടപടികളി ലേക്ക് പോയാലെ ബ്രിട്ടീഷ്, ഫ്രഞ്ച് സര്‍ക്കാരുകള്‍ ഇരട്ടത്താപ്പ് കാണിക്കുന്നൂ എന്ന ആരോപണത്തിന് മറുപടി പറയാന്‍ സാധിക്കൂവെന്നും കത്തില്‍ മുന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍മാരായ ജെറമി ഗ്രീന്‍സ്റ്റോക്ക്, എമിര്‍ ജോണ്‍സ് പാരി, മുന്‍ ഫ്രഞ്ച് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍മാരായ യെവ്സ് ഓബിന്‍ ഡി ലാ മെസ്സുസിയര്‍, ഡെനിസ് ബൗച്ചാര്‍ഡ് എന്നിവര്‍ അടക്കമുള്ളവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

2025ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാന്‍സും ബ്രിട്ടണും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അന്താരാഷ്ട്ര നിയമത്തോടും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികളോടുമുള്ള പ്രതികൂല മനോഭാവമാണ് ഇസ്രഈലിന്റെ പക്കല്‍ നിന്നുണ്ടാവുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും യു.എന്‍ പ്രമേയങ്ങളെയും ഇസ്രഈല്‍ അവഹേളിക്കുകയാണെന്നും കത്തില്‍ പറയുന്നു.

ഇസ്രായേല്‍ സൈന്യത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ നടക്കുന്ന പലസ്തീന്‍ വീടുകള്‍ പൊളിക്കുന്നതും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും വ്യാപകമാണ്. അതിനെ വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി കാണാനാവും. നമ്മുടെ കണ്‍മുന്നില്‍ ഫലസ്തീന്‍ ഇല്ലാതാക്കപ്പെടുകയാണ്. ലോകം ഇപ്പോള്‍ ഇസ്രഈലിനെ ഒരു യഥാര്‍ത്ഥ ജനാധിപത്യമായി കാണുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഇസ്രഈല്‍ ‘വാളുകൊണ്ട് ജീവിക്കണം’ എന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദത്തെയും മുന്‍ നയതന്ത്രജ്ഞര്‍ വിമര്‍ശിച്ചു. ഇസ്രഈലിന്റെ ഈ സമീപനം ധാര്‍മികമായി തെറ്റാണ്. ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാത്ത ഇടപാടാണ് ഇതെന്നും കത്തില്‍ പറയുന്നു.

മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇസ്രഈലിനെതിരായ വിവിധ കരാറുകള്‍ അവസാനിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍-ഇസ്രഈല്‍ അസോസിയേഷന്‍ കരാറും യു.കെ-ഇസ്രഈല്‍ വ്യാപാര പങ്കാളിത്ത കരാറും താല്‍ക്കാലികമായി നിര്‍ത്തിവയക്കുന്നതടക്കമുള്ള ഏഴ് നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടണും ഫ്രാന്‍സും തയ്യാറാവണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ഇസ്രഈിലേക്കും തിരിച്ചുമുള്ള ആയുധ കൈമാറ്റവും ഉഭയകക്ഷി സൈനിക സഹകരണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വെസ്റ്റ്ബാങ്കിലെ ഇസ്രഈലി കുടിയേറ്റക്കാരുമായുള്ള എല്ലാ വ്യാപാരങ്ങളും നിരോധിക്കാനും ഇരു സര്‍ക്കാരുകളും തയ്യാറാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

യു.എന്‍.ആര്‍.ഡബ്ല്യു.എ അടക്കമുള്ള യു.എന്‍ ഏജന്‍സികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നയതന്ത്രജ്ഞര്‍ക്കും ഗസയില്‍ സ്വതന്ത്രമായും നിയന്ത്രണങ്ങളില്ലാതെയും പ്രവേശിക്കാന്‍ അനുമതി ലഭിക്കാനായുള്ള ഇടപെടലും ഫ്രാന്‍സില്‍നിന്നും ബ്രിട്ടണില്‍ നിന്നും ഉണ്ടാവണമെന്നും കത്തില്‍ പറയുന്നു.

‘മോഷ്ടിച്ച ഫലസ്തീന്‍ ഭൂമി’യില്‍ ഫ്രാന്‍സിലെയും യു.കെയിലെയും പൗരന്മാര്‍ സ്വത്ത് വാങ്ങുന്നത് കുറ്റകരമാക്കണം. കുടിയേറ്റങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സംഘടനളെ ചാരിറ്റി സംഘടനകളെന്ന പദവി നീക്കം ചെയ്യണമെന്നും കത്തില്‍ മുന്‍ നയ തന്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.

ഇസ്രഈലിന്റെ അധിനിവേശത്തിന്റെയും നശീകരണത്തിന്റെയും നയം ലെബനനിലേക്കും സിറിയയിലേക്കും അവര്‍ വ്യാപിക്കുകയാണ്. അവിടെ നിരവധി ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇത് മനുഷ്യരാശിയുടെ മനസ്സാക്ഷിക്കുമേലുള്ള കളങ്കമാണെന്നും കത്തില്‍ പറയുന്നു.

Content Highlight:  Former French, British ambassadors urge halt to arms exports, ban on trade with illegal Israeli settlements in West Bank

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.