'ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏതു നമ്പറിട്ടും ഈ ബജറ്റിനെ റേറ്റ് ചെയ്യാം'; കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് പി. ചിദംബരം
national news
'ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏതു നമ്പറിട്ടും ഈ ബജറ്റിനെ റേറ്റ് ചെയ്യാം'; കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് പി. ചിദംബരം
ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 7:15 pm

ന്യൂദല്‍ഹി: നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. 2020ലെ ദീര്‍ഘ ബജറ്റില്‍ നിന്നും പ്രത്യേകിച്ച് ഒരു സന്ദേശവും ലഭിക്കുന്നില്ലെന്നും ഒന്നിനും പൂജ്യത്തിനുമിടയിലുള്ള ഏതു നമ്പരിട്ട് റേറ്റ് ചെയ്യാമെന്നും ചിദംബരം പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം.

‘ധനമന്ത്രി അവതരിപ്പിച്ച ദീര്‍ഘമേറിയ ബജറ്റ് പ്രസംഗം നമ്മള്‍ കേട്ടതാണ്. 160 മിനുട്ടുകളോളം നീണ്ടു നിന്ന അവതരണമായിരുന്നു അത്. എന്നെപ്പോലെ നിങ്ങളും ക്ഷീണിതരായിട്ടുണ്ടെങ്കില്‍ നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. 2020ലെ ബജറ്റു കൊണ്ട് പറയാന്‍ ഉദ്ദേശിച്ച സന്ദേശമെന്തായിരുന്നെന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു ആശയമോ പ്രസ്താവനയോ ഒന്നും തന്നെ എനിക്ക് പ്രസംഗത്തില്‍ നിന്നും ലഭിച്ചില്ല,’ ചിദംബരം പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ, വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്താനോ, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനോ, കാര്യക്ഷമത വര്‍ധിപ്പിക്കാനോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ, ലോക വ്യാപാരത്തിന്റെ വലിയൊരു പങ്ക് നേടാനോ സര്‍ക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.

ബജറ്റിനെ റേറ്റ് നല്‍കുകയാണെങ്കില്‍ ഒന്നു മുതല്‍ 10 വരെയുള്ള ഏത് നമ്പര്‍ എടുക്കുമെന്ന് ചോദിച്ചപ്പോള്‍ ചിദംബരം മറുപടി പറഞ്ഞത് ഒന്നിനും പൂജ്യത്തിനും ഇടയിലുള്ള ഏത് നമ്പറായാലും മതി എന്നായിരുന്നു.

‘ഒന്നിനും പൂജ്യത്തിനുമിടയിലുള്ള ഏത് നമ്പറും. 10ല്‍ ഒന്നും പൂജ്യവുമുണ്ടല്ലോ. നിങ്ങള്‍ക്ക് ഏത് നമ്പരും എടുക്കാം,’ ചിദംബരം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ബജറ്റിനെതിരെ വയനാട് എംപി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മണിക്കൂറുകള്‍ നിന്ന പ്രസംഗിച്ചിട്ടുണ്ടാവാം പക്ഷേ കാര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും നീളം കൂടിയ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ചത്.  ആദായ നികുതി ഘടനയില്‍ വന്‍ ഇളവാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നതിന് പിന്നാലെ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രാജ്യത്തെ പല കമ്പനികളും അടച്ചുപൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.