യു.ഡി.എഫ് നുണക്കണക്കുകള്‍ പൊളിഞ്ഞു, കേന്ദ്ര അവഗണനയ്ക്ക് ധവളപത്രത്തില്‍ ക്ലീന്‍ ചിറ്റ്; ആഞ്ഞടിച്ച് ബാലഗോപാല്‍
Kerala News
യു.ഡി.എഫ് നുണക്കണക്കുകള്‍ പൊളിഞ്ഞു, കേന്ദ്ര അവഗണനയ്ക്ക് ധവളപത്രത്തില്‍ ക്ലീന്‍ ചിറ്റ്; ആഞ്ഞടിച്ച് ബാലഗോപാല്‍
ആദര്‍ശ് എം.കെ.
Thursday, 4th June 2026, 3:32 pm

തിരുവനന്തപുരം: കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതിയെയും കടബാധ്യതകളെയും കുറിച്ച് നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലെ കണക്കുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എന്നാല്‍ അവ വസ്തുത പരിശോധിക്കുമ്പോള്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വാദങ്ങളെയാണ് ശരിവെക്കുന്നതെന്നും മുന്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍.

പ്രതിപക്ഷത്തിരുന്നപ്പോള്‍ നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് യു.ഡി.എഫ് നേതാക്കളും ഉന്നയിച്ച അതിശയോക്തി കലര്‍ന്ന കടബാധ്യതകളുടെ കണക്കുകള്‍ ശുദ്ധ തെറ്റാണെന്ന് ധവളപത്രം തന്നെ തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കേരളത്തില്‍ ലക്ഷം കോടിയിലധികം രൂപയുടെ കുടിശ്ശികയുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രം ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ ഔട്ട്സ്റ്റാന്‍ഡിങ് പേയ്‌മെന്റ് ഉണ്ടെന്നും മുന്‍പ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം നിരന്തരമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞിരുന്നത് ശുദ്ധ തെറ്റായ കാര്യമാണെന്ന് ഇപ്പോള്‍ പുറത്തുവന്ന ധവളപത്രത്തിലെ രേഖകളില്‍ തന്നെയുണ്ട്. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ രേഖകളിലുള്ളത് കള്ളം പറയാന്‍ പറ്റില്ല.

നിലവില്‍ എത്ര എക്‌സാജറേറ്റ് ചെയ്ത് കാണിച്ചാലും 48,000 കോടി രൂപയുടെ ബാധ്യതകള്‍ മാത്രമാണുള്ളതെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ പ്രധാനമായും ഡി.എ, ഡി.ആര്‍ അരിയേഴ്‌സ് ഇനത്തിലുള്ള 40,000 കോടി രൂപയാണ്. ബാക്കി 10,000 കോടിയോളം രൂപ മറ്റ് കുടിശ്ശികകളാണ്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ തന്നെ താന്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്ന് മുന്‍ ധനമന്ത്രി ഓര്‍മിപ്പിച്ചു.

മാര്‍ച്ച് മാസത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നില്‍ വന്ന എല്ലാ ബില്ലുകളും ക്ലിയര്‍ ചെയ്തിരുന്നുവെന്നും, അതിനുശേഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്ന ചില പത്തോ ഇരുന്നൂറോ മുന്നൂറോ കോടിയുടെ ബില്ലുകള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം. ചന്ദ്രശേഖര്‍ ഐ.എ.എസ് അധ്യക്ഷനായ വിദഗ്ധ സമിതിയുടെ വ്യക്തിത്വത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ മുന്‍ ധനമന്ത്രി, എന്നാല്‍ ഖജനാവിന്റെ ദൈനംദിന വിവരങ്ങള്‍ പൊതുരേഖയാക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി.

‘നാളെ ഇതേപോലെ ഏത് ഗവണ്‍മെന്റും ആയിക്കൊള്ളട്ടെ, കേരളത്തിന്റെ ഖജനാവിനകത്തെ മാസംതോറുമുള്ള, ദിവസംതോറുമുള്ള രഹസ്യങ്ങളും വരവ് ചെലവ് കണക്കുകളും എല്ലാം കൂടി പുറത്തുകൊടുക്കാന്‍ പാടില്ല. അതൊരു രഹസ്യ സ്വഭാവമുള്ളതാണ്. കാരണം നമ്മുടെ പേയ്‌മെന്റും വരവും ചെലവും മനസ്സിലാക്കി പുറത്തുള്ള ആളുകള്‍ ഇടപെടുകയാണെങ്കില്‍ അത് നമ്മുടെ പേയ്‌മെന്റ് സിസ്റ്റത്തെ അസ്ഥിരപ്പെടുത്താന്‍ കാരണമാകും,’ അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള സാമ്പത്തിക സ്ഥിതി റിപ്പോര്‍ട്ട് ചെയ്ത സമിതിയോട്, സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികള്‍ നടപ്പിലാക്കാന്‍ എത്ര ചെലവ് വരും, അതിനുള്ള സാമ്പത്തിക സ്രോതസ്സ് എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് കൂടി പഠിച്ച് ഒരു റിപ്പോര്‍ട്ട് കൂടി നല്‍കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സംസ്ഥാനം നേരിടുന്ന യഥാര്‍ത്ഥ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്നും എന്നാല്‍ ധവളപത്രത്തില്‍ അത് മനപൂര്‍വ്വം പരാമര്‍ശിക്കാതെ ഒഴിവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താന്‍ ധനകാര്യമന്ത്രിയായി വരുന്ന ആദ്യത്തെ വര്‍ഷം 33,000 കോടി രൂപയാണ് സെന്‍ട്രല്‍ ഗ്രാന്റായി കിട്ടിയിരുന്നത്. എന്നാല്‍ അവസാന വര്‍ഷം അത് വെറും 7,000 കോടി രൂപയായി കേന്ദ്രം വെട്ടിക്കുറച്ചു. ഈ വലിയ ഇടിവിനെക്കുറിച്ച് ധവളപത്രത്തില്‍ ഒരക്ഷരം പറയുന്നില്ലെന്നും കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.

2017ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ട്രഷറി ഡെപ്പോസിറ്റുകള്‍ പോലും 2021-22 ന് ശേഷം കേന്ദ്രം വായ്പയായി കണക്കാക്കുകയാണെന്നും, കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയത് വഴി അഞ്ചുവര്‍ഷം കൊണ്ട് ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ കുറവാണ് വായ്പാ പരിധിയില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി വന്നതിനുശേഷം നികുതി വിഹിതം ആദ്യത്തെ 14.5 ശതമാനത്തില്‍ നിന്നും പലതവണയായി കുറഞ്ഞ് 8-9 ശതമാനത്തിലേക്ക് എത്തിയതും വരുമാനം കുറയാന്‍ കാരണമായി. കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ ഭരണപക്ഷത്തിനൊപ്പം സഹകരിക്കാന്‍ എല്‍.ഡി.എഫ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ബജറ്റ് തുക വീര്‍പ്പിച്ചു കാണിച്ചു എന്ന യു.ഡി.എഫ് ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. 16-ാം ധനകാര്യ കമ്മീഷന് മുന്നില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാ കക്ഷികളും ചേര്‍ന്നാണ് മെമ്മോറാണ്ടം നല്‍കിയത്. കേരളത്തിന്റെ വിഹിതം 1.92 ശതമാനത്തില്‍ നിന്നും 2.38 ശതമാനമായി വര്‍ധിച്ചതിലൂടെ വര്‍ഷം തോറും 10,000 കോടിയോളം രൂപ അധികം ലഭിക്കും. അഞ്ചുവര്‍ഷം കൊണ്ട് ഇന്‍ഫ്‌ലേഷന്‍ അടക്കം 70,000 കോടിയുടെ അധിക വരുമാനം സംസ്ഥാനത്തിന് ലഭിക്കും. താന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ഇതിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആ പണം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ധനകാര്യ കമ്മീഷന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കുന്നത് അല്ലെങ്കില്‍ ആ ഭാഗം ബ്ലാങ്ക് ആയി ഇടുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ പോലും രംഗത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും കണ്ട് പരാതി പറഞ്ഞത് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആദ്യമായി നിര്‍ത്തിയതുകൊണ്ട് തങ്ങള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ല, 30% ശമ്പളം വെട്ടിക്കുറച്ചു എന്നാണ്.

ഇന്ത്യയിലെ 15 ധനകാര്യ കമ്മീഷനുകളും തന്നുകൊണ്ടിരുന്ന ഈ ഗ്രാന്റ് ബി.ജെ.പി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെ ‘മര്യാദകേട്’ എന്ന് വിളിക്കാന്‍ പ്രതിപക്ഷ നേതാവിന് തന്റേടമുണ്ടോ? അതിനുപകരം പിണറായി വിജയനെയും മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെയും കുറ്റം പറയുകയാണ് അവര്‍ ചെയ്യുന്നത്,’ മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക ക്രമീകരണത്തിന്റെ ഭാഗമായി വികസന പദ്ധതികള്‍ക്കുള്ള 20,000 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു.

‘ബജറ്റില്‍ മറ്റ് നോണ്‍-പ്ലാന്‍ ഇനങ്ങളില്‍, പ്രത്യേകിച്ച് സാലറി ആന്‍ഡ് പെന്‍ഷന്‍ ഹെഡില്‍ വകയിരുത്തിയ 96,000 കോടി രൂപയില്‍ യഥാര്‍ത്ഥ കോസ്റ്റ് 80,000 കോടിയേ വരൂ. അവിടെ ആവശ്യത്തിന് സേവിങ്‌സ് ഉണ്ട്. അതിനാല്‍ പ്ലാന്‍ ഫണ്ട് കട്ട് ചെയ്യാന്‍ പാടില്ല. പ്ലാന്‍ കട്ട് ചെയ്താല്‍ കംപ്ലീറ്റ് ഡെവലപ്‌മെന്റല്‍ ആക്ടിവിറ്റീസ് പോകും. നിങ്ങള്‍ക്ക് ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കണമെങ്കില്‍ അതിനുള്ള പണം കണ്ടെത്തിക്കോളൂ, പക്ഷേ വികസന പദ്ധതികള്‍ മുടക്കരുത്. പദ്ധതികള്‍ നടത്തിക്കൊണ്ടു പോകാനുള്ള പണം ഖജനാവിലുണ്ട് എന്ന് അഞ്ചുവര്‍ഷം ധനകാര്യം കൈകാര്യം ചെയ്ത വ്യക്തി എന്ന നിലയില്‍ ഞാന്‍ ആവര്‍ത്തിച്ചു പറയുകയാണ്,’ അദ്ദേഹം വ്യക്തമാക്കി.

സിവില്‍ സപ്ലൈസിന് നല്‍കാനുള്ള തുകയില്‍ ഒരു വലിയ പങ്ക് നെല്ല് സംഭരിച്ച ഇനത്തിലുള്ളതാണെന്നും, കേന്ദ്രത്തില്‍ നിന്ന് മാത്രം 1,500 കോടി രൂപ കേരളത്തിന് കിട്ടാനുണ്ടെന്നും മുന്‍ മന്ത്രി വ്യക്തമാക്കി. ഗുജറാത്തിന് മാത്രം നല്‍കിയ യു.ജി.സി ഫണ്ട് ഇനത്തിലും കേരളത്തിന് 1500 കോടി കിട്ടാനുണ്ട്. ഇത്തരത്തില്‍ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്ന തുകകളെക്കുറിച്ച് ധവളപത്രത്തില്‍ വേണ്ടത്ര പരാമര്‍ശമില്ല.

ഏത് ഗവണ്‍മെന്റിന്റെ സമയത്തും സ്വാഭാവികമായി ഒരു ഡ്യൂസ് വരാറുണ്ടെന്നും, 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ 25,000 കോടിയുടെ കുടിശ്ശിക ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് കോവിഡ് സമയത്തുണ്ടായിരുന്ന ഉള്‍പ്പെടെയുള്ള എസ്.സി/എസ്.ടി സ്‌കോളര്‍ഷിപ്പ് കുടിശ്ശികയായ 477 കോടി രൂപ പൂര്‍ണമായും കൊടുത്തുതീര്‍ത്തതായും, നിലവിലുള്ള ചെറിയ ബില്ലുകള്‍ സ്വാഭാവികമായി ഓരോ മാസവും വരുന്നവ മാത്രമാണെന്നും മുന്‍ ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Former Finance Minister KN Balagopal strongly criticizes the UDF government’s white paper

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.