2026 ഫിഫ ലോകകപ്പില്‍ സൊമാലിയന്‍ റഫറി ഒമര്‍ അർതാന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ വിമര്‍ശനവുമായി മുന്‍ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍. റഫറിക്ക് പ്രവേശനം നിഷേധിച്ച ഒരു രാജ്യത്ത് ലോകകപ്പ് നടത്താന്‍ പാടില്ലെന്നാണ് സെപ്പ് ബ്ലാറ്റര്‍ പറഞ്ഞത്.
റഫറി ഫുട്‌ബോളിലെ പ്രധാനപ്പെട്ട ഘടകമാണെന്നും ഈ തീരുമാനം ലജ്ജാകരമായ കാര്യമാണന്നും മുന്‍ ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. ഫ്രഞ്ച് മാധ്യമം എല്‍ ഇക്വിപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഒരു രാജ്യത്ത് ലോകകപ്പ് നടത്താന്‍ അവസരം നല്‍കുമ്പോള്‍ രണ്ട് പ്രധാന കാര്യങ്ങള്‍ ഉറപ്പുവരുത്തണം. സുരക്ഷയും എല്ലാ ഫിഫ ഉദ്യോഗസ്ഥര്‍ക്കും വിസ നല്‍കുന്നതും. റഫറി ഫിഫയുടെ പ്രധാന ഉദ്യോഗസ്ഥനാണ്. ഒരു രാജ്യത്ത് റഫറിക്ക് പ്രവേശനം നിഷേധിച്ചാല്‍ അത് വലിയ പ്രശ്‌നമാണ്. അത്തരത്തിലൊരു സാഹചര്യത്തില്‍ ആ രാജ്യത്ത് ടൂര്‍ണമെന്റ് നടത്താന്‍ പാടില്ല. ടൂര്‍ണമെന്റ് ഇപ്പോള്‍ നിര്‍ത്തിവെക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത് ലജ്ജാകരമായ കാര്യമാണ്. ആതിഥേയ രാജ്യം പാലിക്കാത്ത ഒരു പ്രധാനപ്പെട്ട തത്വം ഫിഫ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്,’ സെപ്പ് ബ്ലാറ്റര്‍ പറഞ്ഞു.
സാധുവായ വിസ ഉണ്ടായിരുന്നിട്ടും മയാമി വിമാനത്താവളത്തില്‍ വെച്ച് ഒമര്‍ അർതാന് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. സൊമാലിയയ്ക്ക് മേലുള്ള യാത്രാ നിയന്ത്രണങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഈ തീരുമാനം ഫുട്ബോളിന്റെ നീതിയുക്ത മത്സരത്തോടുള്ള പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് സൊമാലിയന്‍ അധികൃതര്‍ വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ട്ടണ്‍, 2023 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. 2018 മുതല്‍ ഫിഫ റഫറിയായ അദ്ദേഹം, 2026 ലോകകപ്പിലെ 104 മത്സരങ്ങള്‍ നിയന്ത്രിക്കുന്ന 170 റഫറിമാരുടെ സംഘത്തിലെ അംഗമായിരുന്നു.
അതേസമയം ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട യാത്രാ, വിസ പ്രശ്നങ്ങള്‍ നേരത്തെ തന്നെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇറാന്‍ ടീമിലെ ചില ഉദ്യോഗസ്ഥര്‍ക്കും വിസ തടസങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാഖ് താരം അയ്മന്‍ ഹുസൈനെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ ചോദ്യം ചെയ്തതും, സ്വിസ് താരം ബ്രെല്‍ എംബോളോയ്ക്ക് താല്‍ക്കാലികമായി വിസ നിഷേധിച്ചതും ചര്‍ച്ചയായിരുന്നു.
Content Highlight: Former FIFA President Sepp Blatter criticizes US ban on Somali referee Omar Arton at World Cup