മെസി അവരുടെ കരുത്ത്, പക്ഷേ... സെമിയ്ക്ക് മുന്നേ പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കര്‍
FIFA World Cup 2026
മെസി അവരുടെ കരുത്ത്, പക്ഷേ... സെമിയ്ക്ക് മുന്നേ പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കര്‍
ഫസീഹ പി.സി.
Tuesday, 14th July 2026, 7:48 am

2026 ഫിഫ ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെ തോല്‍പ്പിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ട്രോയ് ഡീനി. നിലവിലെ അര്‍ജന്റീന ടീം അത്ര മികച്ചവരല്ലെന്നും ഇംഗ്ലണ്ട് 2 – 0 വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ ജയിച്ചതിനാല്‍ അര്‍ജന്റീനയ്ക്ക് പരിചയസമ്പത്തുണ്ടെങ്കിലും പ്രതിരോധനിരയിലും മധ്യനിരയിലും പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലയണല്‍ മെസിയില്ലെങ്കില്‍ വേറെയാരുമില്ലെന്ന അവസ്ഥയിലാണ് അര്‍ജന്റീനയെന്നും എന്നാല്‍ മെസി അവര്‍ക്ക് വലിയൊരു കരുത്താണെന്നും ഇംഗ്ലണ്ട് സ്ട്രൈക്കര്‍ കൂട്ടിച്ചേര്‍ത്തു. ടോക്ക് സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ട്രോയ് ഡീനി.

‘ഇംഗ്ലണ്ട് അര്‍ജന്റീനയെ തകര്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു 2-0 വിജയത്തിന് സാധ്യതയുണ്ട്, കാരണം ഞാന്‍ അവരുടെ എല്ലാ മത്സരങ്ങളും നിരീക്ഷിച്ചിട്ടുണ്ട്. അവര്‍ അത്ര മികച്ചവരല്ല, മാത്രമല്ല അവരുടെ ടീമില്‍ പ്രായം കൂടിയവരുമുണ്ട്. അവര്‍ 2022ല്‍ ജയിച്ചതുകൊണ്ട് ആ പരിചയസമ്പത്തുണ്ട്. അതുകൊണ്ട് അവര്‍ക്ക് കാര്യങ്ങള്‍ വീണ്ടും മനസിലാകും.

പ്രതിരോധനിരയില്‍ അര്‍ജന്റീന ആകെ തകര്‍ന്നു നില്‍ക്കുകയാണ്. അവരുടെ മധ്യനിര താരങ്ങളും അത്ര മികച്ചവരല്ല. അവര്‍ക്ക് കളിയെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പിന്നെ അവരുടെ കാര്യം ‘മെസി അല്ലെങ്കില്‍ മറ്റാരും ഇല്ല’ എന്ന അവസ്ഥയാണ്. മെസി എന്നത് അവര്‍ക്കുള്ള വലിയൊരു കരുത്താണെന്നത് മറ്റൊരു കാര്യമാണ്,’ ട്രോയ് ഡീനി പറഞ്ഞു.

ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം ജൂലൈ 16ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അറ്റ്‌ലാന്റ സ്റ്റേഡിയമാണ് വേദി. ഇത് ആദ്യമായാണ് മെസി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

അതേസമയം, ഒന്നാം സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്‌നും ഫ്രാന്‍സുമാണ് ഏറ്റുമുട്ടുന്നത്. നാളെ (ജൂലൈ 15) ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം അരങ്ങേറുക. ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Content Highlight: Former England Striker Troy Deeney says Lionel Messi is  strength but England will beat Argentina in FIFA World Cup 2026 second semi final

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.