വിജയ് മല്യയെയും മഹാദേവ് ആപ്പിനെയും പൂട്ടിയ ഉദ്യോഗസ്ഥന്‍; 11 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെ വിരമിച്ച് മുന്‍ ഇ.ഡി സ്‌പെഷ്യല്‍ ഡയറക്ടര്‍
India
വിജയ് മല്യയെയും മഹാദേവ് ആപ്പിനെയും പൂട്ടിയ ഉദ്യോഗസ്ഥന്‍; 11 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെ വിരമിച്ച് മുന്‍ ഇ.ഡി സ്‌പെഷ്യല്‍ ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2026, 11:23 am

ന്യൂദല്‍ഹി: രാജ്യത്ത് നടന്ന വന്‍കിട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ മുഖ്യ അന്വേഷകനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറുമായ സത്യബ്രത കുമാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചു.

രാജ്യത്തെ ഏറ്റവും പ്രമുഖരായ സാമ്പത്തിക കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ സിവില്‍ സര്‍വീസ് വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് സര്‍വീസ് അവസാനിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

11 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് സത്യബ്രത കുമാറിന്റെ വിരമിക്കല്‍. 2004 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് കേഡറിലെ ഉദ്യോഗസ്ഥനായ സത്യബ്രത ഔദ്യോഗികമായി വിരമിക്കേണ്ടിയിരുന്നത് 2037-ലായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വി.ആര്‍.എസ് എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് ഈ മാസം ആദ്യവാരം ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ പുറത്തിറങ്ങുകയും ചെയ്തു.

ഏകദേശം 12 വര്‍ഷത്തോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ സേവനമനുഷ്ഠിച്ച കുമാര്‍, കേന്ദ്ര ഏജന്‍സിയില്‍ ഏറ്റവും കൂടുതല്‍ കാലം ഡെപ്യൂട്ടേഷനില്‍ തുടര്‍ന്ന റെക്കോര്‍ഡുകളുള്ള ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂടിയാണ്.

ഒരു വര്‍ഷം മുമ്പാണ് ഇ.ഡിയിലെ സേവനം അവസാനിപ്പിച്ച് അദ്ദേഹം തന്റെ കേഡറിലേക്ക് മടങ്ങിയത്. നിലവില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ കമ്മീഷണര്‍ (അപ്പീല്‍സ്) ആയി ജോലി ചെയ്തുവരികയായിരുന്നു.

ഇ.ഡിയുടെ മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ മേഖലാ ഓഫീസിന്റെ തലവനെന്ന നിലയില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കോര്‍പ്പറേറ്റ്-രാഷ്ട്രീയ അഴിമതികളുടെ അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സത്യബ്രത കുമാറായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് വീരന്മാരെയും വന്‍കിട മാഫിയകളെയും അദ്ദേഹം നിയമത്തിന് മുന്നില്‍ വിറപ്പിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് 2 ബില്യണ്‍ യു.എസ് ഡോളറിന്റെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരികളായ നീരവ് മോദി, മേഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെയുള്ള കേസ് കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഈ കേസില്‍ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതെന്ന് കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ വിദേശ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെയുള്ള ബാങ്ക് വായ്പ തട്ടിപ്പ് കേസ് അന്വേഷിച്ചതും കുമാറിന്റെ നേതൃത്വത്തിലായിരുന്നു.

ഛത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുകയും പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയക്കാരിലേക്കും ബിസിനസുകാരിലേക്കും അന്വേഷണം നീളുകയും ചെയ്ത, മഹാദേവ് ബെറ്റിങ് ആപ്പ് അഴിമതി പുറത്തുകൊണ്ടുവന്നത് കുമാറിന്റെ കീഴിലുള്ള വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസായിരുന്നു.

മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട നിരവധി കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ അന്വേഷണ ചുമതലയും സത്യബ്രത കുമാറിനായിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉന്നത പദവികള്‍ ഒഴിഞ്ഞ ശേഷം ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് തന്നെ രാജിവെച്ച് പുറത്തുപോകുന്ന ഒരു വര്‍ഷത്തിനിടയിലെ രണ്ടാമത്തെ സംഭവമാണിത്.

2025 ജൂലൈയില്‍, മുന്‍ ഇ.ഡി ജോയിന്റ് ഡയറക്ടറായിരുന്ന കപില്‍ രാജ് തന്റെ വിരമിക്കലിന് 15 വര്‍ഷം ബാക്കിനില്‍ക്കെ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അറസ്റ്റ് ചെയ്ത നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കപില്‍ രാജായിരുന്നു.

2009 ബാച്ച് ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം എട്ട് വര്‍ഷത്തെ ഇ.ഡി സേവനത്തിന് ശേഷം ദല്‍ഹിയില്‍ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തില്‍ അഡീഷണല്‍ കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അന്ന് രാജി സമര്‍പ്പിച്ചത്.

ഇ.ഡിയില്‍ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി സ്വന്തം കേഡറുകളിലേക്ക് തിരിച്ചെത്തിയ ഉന്നതരായ രണ്ട് ഐ.ആര്‍.എസ് ഉദ്യോഗസ്ഥര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്വമേധയാ വിരമിക്കലും രാജിയും പ്രഖ്യാപിച്ച് സര്‍വീസ് വിട്ടത് ചര്‍ച്ചയാകുന്നുണ്ട്.

Content Highlight: Former ED officer who probed Nirav Modi, Mallya cases takes voluntary retirement