ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് യശസ്വി ജെയ്സ്വാളിനെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ശ്രേയസ് അയ്യരിനെ കുറിച്ചല്ല, ജെയ്സ്വാളിനെ ഒഴിവാക്കിയതിനെ കുറിച്ചാണ് നമ്മള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ടീമില്‍ ഉണ്ടായിട്ടും അവസരം കിട്ടാത്തത് താരത്തെ സങ്കടപ്പെടുത്തിയിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എന്‍.എന്‍. ന്യൂസ്18ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇക്കാര്യത്തില്‍ ജെയ്സ്വാളാണ് കൂടുതല്‍ സങ്കടപ്പെടേണ്ടത്. ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ അവന്‍ മൂന്നാം ഓപ്പണറായിരുന്നു. ശ്രേയസ് അയ്യര്‍ ടീമില്‍ ഇല്ല എന്നതിനേക്കാള്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് അവനെ ടീമിലെടുക്കാത്തതാണ്. എന്തുകൊണ്ടാണത്? അവന്‍ എന്ത് തെറ്റാണ് ചെയ്തത്?,’ അതുല്‍ വാസന്‍ പറഞ്ഞു.
ടി – 20യില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് യശസ്വി ജെയ്സ്വാള്‍. ഇന്ത്യയ്ക്കായി താരം 23 മത്സരങ്ങളില്‍ കളിച്ച് 723 റണ്‍സ് നേടിയിട്ടുണ്ട്. 164.31 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിന് ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലുണ്ട്.
കൂടാതെ, താരം കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മികച്ച ഫോമിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണിങ്ങില്‍ എത്തി തകര്‍പ്പന്‍ ബാറ്റിങ്ങായിരുന്നു ജെയ്സ്വാള്‍ നടത്തിയത്. എന്നിട്ടും താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്.
അതേസമയം, സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലാണ് നടക്കുക. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.