സൗദിയില്‍ നിന്ന് ബോള്‍സൊനാരോ ഡോളര്‍ക്കണക്കിന് മൂല്യമുള്ള ആഭരണങ്ങള്‍ കടത്തി: ബ്രസീലിയന്‍ പൊലീസ്
World News
സൗദിയില്‍ നിന്ന് ബോള്‍സൊനാരോ ഡോളര്‍ക്കണക്കിന് മൂല്യമുള്ള ആഭരണങ്ങള്‍ കടത്തി: ബ്രസീലിയന്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 10:39 pm

ബ്രസീലിയ:  മുന്‍ ബ്രസീല്‍പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ സൗദിയില്‍ നിന്ന് ഡോളര്‍ കണക്കിന് ആഭരണങ്ങള്‍ അപഹരിച്ചതായി റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ഫെഡറല്‍ പൊലീസിന്റേതാണ് ആരോപണം. അധികാരത്തിലിരിക്കെ കുറഞ്ഞത് 6.8 ദശലക്ഷം (ഏകദേശം 1.26 മില്യണ്‍ ഡോളര്‍) മൂല്യമുള്ള ആഭരണങ്ങള്‍ ബോള്‍സൊനാരോ അപഹരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ബോള്‍സൊനാരോ കുറ്റാരോപിതനായതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബ്രസീല്‍ സുപ്രീം ഫെഡറല്‍ കോടതിയുടെ നിര്‍ദേശത്തിലാണ് മുന്‍ പ്രസിഡന്റിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.

‘ആഭരണം കൈമാറ്റം ചെയ്തവര്‍ വന്‍ തുക കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെ ഉറവിടം ഏതാണ്? ഇടനിലക്കാര്‍ മുഖേനയും ഔദ്യോഗിക ബാങ്കിങ് സംവിധാനവും ഉപയോഗിക്കാതെയുമാണ് മുന്‍ പ്രസിഡന്റിന്റെ നീക്കം,’ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2021 ഒക്ടോബറില്‍, സാവോപോളോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഒരു ബ്രസീലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ഏതാനും ആഡംബര വസ്തുക്കള്‍ കസ്റ്റംസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ ബോള്‍സോനാരോ അദ്ദേഹത്തിന്റെ  ഓഫീസിൽ വെച്ച് പ്രഥമ വനിതയായിരുന്ന മിഷേല്‍ ബോള്‍സോനാരോയ്ക്ക് മൂല്യമേറിയ ഡയമണ്ട് നെക്‌ലേസ്, മോതിരം, വാച്ച്, കമ്മലുകള്‍ എന്നിവ സമ്മാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സ്വിസ് കമ്പനിയായ ചോപാര്‍ഡ് നിർമിക്കുന്ന ആഭരണങ്ങള്‍ക്ക് 3.2 മില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോള്‍സോനാരോ മിഷേലിന് സമ്മാനിച്ച ആഭരണങ്ങള്‍ ചോപാര്‍ഡ് നിര്‍മിതമാണെന്നും നിലവില്‍ ആരോപണം ഉയരുന്നുണ്ട്.

അതേസമയം ആഭരണങ്ങള്‍ ബ്രസീല്‍ രാഷ്ട്രത്തിന് സൗദി അറേബ്യയില്‍ നിന്നുള്ള സമ്മാനമായിരുന്നെങ്കില്‍, അവ പ്രസിഡന്‍ഷ്യല്‍ കളക്ഷനില്‍ ചേര്‍ക്കണമായിരുന്നുവെന്ന് എ.പിയും റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Former Brazilian President Jair Bolsonaro reportedly stole jewelry worth dollars from Saudi Arabia