റഫറിമാർ മെസിയെ പലപ്പോഴും സഹായിക്കാറുണ്ട്: വമ്പൻ പ്രസ്താവനയുമായി മുൻ ബ്രസീലിയൻ താരം
Football
റഫറിമാർ മെസിയെ പലപ്പോഴും സഹായിക്കാറുണ്ട്: വമ്പൻ പ്രസ്താവനയുമായി മുൻ ബ്രസീലിയൻ താരം
സുദേവ് എ
Saturday, 18th July 2026, 1:38 pm

2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഒരുങ്ങുകയാണ്. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.

മറുഭാഗത്ത് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

ഇപ്പോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ലയണല്‍ മെസിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ താരം കയോ റിബെയ്റോ. ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയക്കെതിരെയുള്ള മത്സരത്തില്‍ റഫറി മെസിയെ സംരക്ഷിച്ചുവെന്നാണ് കയോ റിബെയ്റോ പറഞ്ഞത്.

ആ മത്സരത്തില്‍ മെസി ചെയ്ത ഒരു ഫൗളിന് മെസിയെ പുറത്താക്കേണ്ടതായിരുന്നുവെന്നും മുന്‍ ബ്രസീലിയന്‍ താരം ചൂണ്ടിക്കാട്ടി. ബ്രസീലിയന്‍ ടി.വിയില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കയോ റിബെയ്റോ.

‘റഫറിമാര്‍ മെസിയെ പലപ്പോഴും സഹായിക്കാറുണ്ട്. ഉദാഹരണത്തിന് അള്‍ജീരിയക്കെതിരെയുള്ള മത്സരത്തില്‍ അപകടകരമായ ടാക്കിളിന് ശേഷം അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ അത് നല്‍കിയില്ല. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് മെസിയോട് റഫറിമാര്‍ കൂടുതല്‍ സൗമ്യമായ സമീപനമാണ് കാണിക്കുന്നത്,’ കയോ റിബെയ്റോ പറഞ്ഞു.

കളിക്കളത്തില്‍ മെസിക്ക് റഫറിയുടെ സഹായം ലഭിച്ചെന്ന് പറഞ്ഞെങ്കിലും മൂന്ന് ഫൈനലുകളില്‍ എത്തിയതിനെ മുന്‍ ബ്രസീലിയന്‍ താരം പ്രശംസിക്കുകയും ചെയ്തു. അര്‍ജന്റീന നേടിയ നേട്ടം അതിശയകരമാണെന്നാണ് റിബെയ്റോ പറഞ്ഞത്.

അര്‍ജന്റീന മറ്റൊരു ഫൈനലില്‍ കൂടി കടന്നതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു ചരിത്ര നേട്ടവും മെസി സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഒരു ടീമിനെ മൂന്ന് ഫൈനലുകളില്‍ എത്തിച്ച ആദ്യ ക്യാപ്റ്റനായാണ് മെസി മാറിയത്. 2014, 2022, 2026 എന്നീ വര്‍ഷങ്ങളിലാണ് മെസി അര്‍ജന്റീനയെ കിരീട പോരാട്ടത്തിലേക്ക് നയിച്ചത്.

 

Content Highlight: Former Brazilian player talks referees help Lionel Messi

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.