'ഖാലിദ് കാ ശിവജി' പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എൽ.എയുടെ ഭീഷണി
India
'ഖാലിദ് കാ ശിവജി' പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എൽ.എയുടെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th August 2025, 5:27 pm

ഹൈദരാബാദ്: ഛത്രപതി ശിവജിയുടെ പൈതൃകത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച്, മറാത്തി ചിത്രം ‘ഖാലിദ് കാ ശിവജി’ നിരോധിക്കണമെന്ന് ഗോഷാമഹല്‍ മുന്‍ എം.എല്‍.എ ടി. രാജാ സിങ്. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സിങ് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ശിവജിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് ചിത്രത്തിലുള്ളതെന്ന് രാജാ സിങ് പറഞ്ഞു. സിനിമയുടെ ട്രെയ്‌ലറില്‍, ശിവജി മഹാരാജ് റായ്ഗഡ് കോട്ടയില്‍ ഒരു പള്ളി നിര്‍മിച്ചതായി കാണിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സൈന്യത്തില്‍ 33 ശതമാനം ഹിന്ദുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, 11 പ്രധാന അംഗരക്ഷകര്‍ മുസ്‌ലിങ്ങളായിരുന്നുവെന്നും രാജാ സിങ് പറഞ്ഞു.

വസ്തുതകള്‍ ശരിയാണെങ്കില്‍, മുസ്‌ലിങ്ങള്‍ എന്തിനാണ് മുഗള്‍ രാജാവായ ഔറംഗസേബിന്റെ ശവകുടീരത്തിലേക്ക് പോകുന്നതെന്നും രാജ്യത്തെ മുസ്‌ലീങ്ങള്‍ എന്തിനാണ് മുഗള്‍ രാജാക്കന്മാരെ മാതൃകകളായി കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിനിമയുടെ സംവിധായകനും നിര്‍മാതാവിനുമെതിരെ നടപടിയെടുക്കണമെന്നും ചിത്രം നിരോധിക്കണമെന്നും രാജാ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു.

ഖാലിദ് കാ ശിവജി പ്രദര്‍ശിപ്പിച്ചിരിക്കുന്ന തിയേറ്റര്‍ കത്തിച്ചുകളയണമെന്നും ഛത്രപതി ശിവജിയുടെ പൈതൃകത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന സ്വേച്ഛാധിപതികളുടെ ചരിത്രം തങ്ങള്‍ മാറ്റുമെന്നും രാജാ സിംങ് ആരോപിച്ചു.

സംവിധായകന്‍ രാജ് പ്രീതം മോര്‍ ആണ് ഖാലിദ് കാ ശിവജി നിര്‍മിച്ചിരിക്കുന്നത്. മികച്ച നോണ്‍-ഫീച്ചര്‍ ഫിലിം ഓഫ് എ ഡയറക്ടര്‍ വിഭാഗത്തില്‍, ദേശീയ പരസ്‌കാരം ലഭിച്ച മറാത്തി ചിത്രം ഖിസയുടെ സംവിധായകനാണ് അദ്ദേഹം.

ഈ ആഴ്ച റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം, ജീവിതാനുഭവങ്ങളിലൂടെ ഛത്രപതി ശിവജിയെ കുറിച്ച് പഠിക്കുന്ന ഒരു മുസ്‌ലിം ആണ്‍കുട്ടിയെക്കുറിച്ചുള്ള കഥയാണെന്നാണ് റിപ്പോര്‍ട്ട്.

Content highlight: Former BJP MLA threatens to burn down theatre showing Khalid’s Shivaji