കുഞ്ഞാലിയെ മറന്ന് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര ചിത്ര ശില്‍പ പ്രദര്‍ശന പുസ്തകം
Kerala News
കുഞ്ഞാലിയെ മറന്ന് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര ചിത്ര ശില്‍പ പ്രദര്‍ശന പുസ്തകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 8:02 pm

കോഴിക്കോട്: ഏറനാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എല്‍.എയുമായിരുന്ന രക്തസാക്ഷി കെ. കുഞ്ഞാലിയെ ഒഴിവാക്കി സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പുറത്തിറക്കിയ ചരിത്ര പസ്തകം. ‘ചരിത്രം ഒരു സമരായുധം ചരിത്ര ശില്‍പ പ്രദര്‍ശനം’ എന്ന പുസ്തകത്തിലാണ് കുഞ്ഞാലിയെ വിസ്മരിച്ചിരിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപതാകമെന്ന് കരുതപ്പെടുന്ന മൊയാരത്ത് ശങ്കരന്‍ മുതല്‍ അഴീക്കോടന് രാഘവനും കൂത്തുപറമ്പ് രക്തസാക്ഷികളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്‍ തന്നെ എം.എല്‍.എയായിരിക്കെ വെടിയേറ്റ് മരിച്ച കുഞ്ഞാലിയെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നില്ല.

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയവരെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്.

അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് വര്‍ഗസമരത്തിന്റെ വിമോചനത്തിലേക്ക് മുന്നോട്ട് കുതിച്ച മനുഷ്യരാശിയുടെ രാഷ്ട്രീയ ചരിത്രമാണ് ചരിത്ര ശില്‍പ പ്രദര്‍ശനം എന്നാണ് പുസ്തകത്തല്‍ പറയുന്നത്. ചരിത്ര പ്രദര്‍ശനം നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് പുസ്തമിറക്കുന്നതെന്നും ആമുഖത്തില്‍ പറയുന്നു.

അതേസമയം, ‘ചരിത്രം ഒരു സമരായുധം ചരിത്ര ശില്‍പ പ്രദര്‍ശനം’ എന്ന പുസ്തകത്തില്‍ എല്ലാ ഭാഗങ്ങളും അടങ്ങിയിട്ടില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ചരിത്ര പ്രദര്‍ശനത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ കുഞ്ഞാലിയുടെ പേരുണ്ടെന്നും പുസ്തകത്തിന്റെ ചെയര്‍മാന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചരിത്ര ചിത്ര പ്രദര്‍ശനത്തിന്റെ രക്ത സാക്ഷികളുടെ പട്ടികയില്‍
കുഞ്ഞാലിയുടെ പേരുണ്ട്. പുസ്തകം അതിന്റെ സംക്ഷിപ്തരൂപമാണ്. എല്ലാ സംഭവങ്ങളും പുസ്തകത്തില്‍ ഉണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.