നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; രാഹുലിനെതിരെ തെളിവ് ശേഖരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ബെംഗളൂരുവിലേക്ക്
Kerala
നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; രാഹുലിനെതിരെ തെളിവ് ശേഖരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ബെംഗളൂരുവിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 2:52 pm

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികരോപണ കേസിൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാനൊരുങ്ങി ക്രൈം ബ്രാഞ്ച്.

ഓണാവധിയായതിനാൽ അതിന് ശേഷമാണ് യാത്ര എന്നാണ് വിവരം. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്ന കേസിലാണ് തെളിവ് ശേഖരിക്കുന്നത്.

ആരോപണമുന്നയിച്ച സ്ത്രീ ഗർഭച്ഛിദ്രത്തിനായി സമീപിച്ച ആശുപത്രിയുടെ വിവരങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാനായുള്ള ക്രൈം ബ്രാഞ്ചിന്റെ നീക്കം.

ഗര്‍ഭഛിദ്രം നടത്തിയ ആശുപ്രതികളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നേരെത്തെ ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ് ഉയര്‍ന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പ്രധാനമായും അഞ്ച് പേര്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. പരാതി നല്‍കിയ അഞ്ച് പേരും കേസിലെ മൂന്നാം സാക്ഷികളാണ്.

ബി.എന്‍.എസ് ആക്ട് 78 (2), 351, കേരള പൊലീസ് ആക്ട് 120 ഈ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.

18 മുതല്‍ 60 വയസുവരെ പ്രായമുള്ള തിരുവനന്തപുരം സിറ്റി അഡ്രസ്സുള്ള ആളുകളാണെന്ന രീതിയിലാണ് എഫ്.ഐ.ആറില്‍ വിശദാംശങ്ങൾ രേഖപ്പെടുത്തിയത്.

സ്ത്രീകളെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, ഗര്‍ഭഛിദ്രത്തിനായ് ഭീഷണിപ്പെടുത്തല്‍, അതിനുള്ള സന്ദേശമയക്കല്‍, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlight: Forced abortion; Crime Branch to Bengaluru to collect evidence against Rahul