ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം: ജപ്പാൻ
World News
ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം: ജപ്പാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th May 2025, 1:08 pm

ടോക്കിയോ: ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി. ഏപ്രിൽ 22 ന് കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ ജപ്പാൻ അപലപിക്കുന്നുവെന്നും എന്നാൽ അതേസമയം നിലവിലെ സാഹചര്യം കൂടുതൽ പ്രതികാരനടപടികളിലേക്ക് നയിക്കുമോയെന്ന ആശങ്ക ഉന്നയിക്കുകയും ചെയ്യുകയാണ് ജപ്പാൻ.

‘ഏപ്രിൽ 22ന് കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ഞങ്ങളുടെ രാജ്യം അപലപിക്കുന്നു. ജപ്പാൻ അത്തരം ഭീകരപ്രവർത്തനങ്ങളെ ഒരിക്കലും പിന്തുണക്കില്ല. എന്നാൽ നിലവിലെ ഈ സാഹചര്യം ഇരു രാജ്യങ്ങളെയും കൂടുതൽ പ്രതികാര നടപടികളിലേക്ക് നയിക്കുമോയെന്നും വലിയ തോതിലുള്ള ഒരു സൈനിക സംഘർഷത്തിലേക്ക് ഇത് മാറുമോ എന്നും ഞങ്ങൾക്ക് ആശങ്കയുണ്ട്.

ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കാനും സമാധാന ചർച്ചകളിലൂടെ സ്ഥിതിഗതികൾ സുസ്ഥിരമാക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,’ ഹയാഷി പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കുറയ്ക്കണമെന്നും കൂടുതൽ സംഘർഷം തടയണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അബ്ദുള്ള ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാനും പറഞ്ഞിരുന്നു.

അതേ സമയം, ഇന്ത്യയുടെ നടപടി ഖേദകരമാണെന്ന് ചെെന പ്രതികരിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രഈലും രം​ഗത്തെത്തിയിരുന്നു. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രഈൽ അറിയിച്ചു.

ഇന്ന് രാവിലെയായിരുന്നു പഹൽഗാം ആക്രമണത്തിന് പകരമായി ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തിൽ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മാത്രമാണ്. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്.

 

Content Highlight: For the peace and stability of South Asia, we strongly urge both India and Pakistan to exercise restraint and stabilize the situation through dialogue