2026 ടി-20 ലോകകപ്പിനുള്ള ആരാധകരുടെ കാത്തിരിപ്പിന് ആയുസ് ഇനി വെറും ഒരു മാസം മാത്രം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫെബ്രുവരി ഏഴിന് ആരംഭിക്കും.
സ്വന്തം മണ്ണില്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ കപ്പ് മോഹിച്ച് തന്നെയാണ് ഏറ്റവും വലിയ ലോകകപ്പില്‍ മറ്റ് ടീമുകളും കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ടാം കിരീടം സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറി.
രോഹിത് സമ്മാനിച്ച കിരീടം നിലനിര്‍ത്താനുറച്ച് മെന്‍ ഇന്‍ ബ്ലൂ കളത്തിലിറങ്ങുമ്പോള്‍ ഹിറ്റ്മാന്‍ ടീമിനൊപ്പമുണ്ടാകില്ല. ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം രോഹിത് അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
രോഹിത് ശർമ 2024 ലോകകപ്പ് കിരീടവുമായി. Photo: ICC/x.com
ഇതാദ്യായാണ് ഇന്ത്യ രോഹിത് ശര്‍മയില്ലാതെ ഒരു ടി-20 ലോകകപ്പ് കളിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണായ 2007ല്‍ ഇന്ത്യ കിരീടമണിയുമ്പോള്‍ മുതല്‍ നീല ജേഴ്‌സിയിലുണ്ടായിരുന്ന രോഹിത് ശര്‍മ 2024 വരെയുള്ള എല്ലാ ലോകകപ്പുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
രോഹിത് ശർമ വിവിധ ലോകകപ്പുകളില്‍. ചിത്രം ക്രിക്ട്രാക്കർ
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം കളിച്ച താരം (47), ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ രണ്ടാമന്‍, ക്രിസ് ഗെയ്‌ലിന് ശേഷം ലോകകപ്പുകളില്‍ 50 സിക്‌സര്‍ പൂര്‍ത്തിയാക്കിയ താരം തുടങ്ങിയ എണ്ണമറ്റ റെക്കോഡുകളും രണ്ട് കിരീടനേട്ടങ്ങള്‍ക്കൊപ്പം സ്വന്തമാക്കി.
രോഹിത് ശര്‍മയെ പോലെ ഇതുവരെയുള്ള എല്ലാ ലോകകപ്പുകളിലും ടീമിനെ പ്രതിനിധീകരിച്ച മറ്റൊരു താരം കൂടിയുണ്ട്. ബംഗ്ലാദേശ് ഇതിഹാസവും ഫോര്‍മാറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറുമായ ഷാകിബ് അല്‍ ഹസനാണ് 2007 മുതല്‍ 2024 വരെയുള്ള എല്ലാ ലോകകപ്പുകളിലും കളത്തിലിറങ്ങിയത്.
ഷാകിബ് അല്‍ ഹസന്‍ വിവിധ ലോകകപ്പുകളില്‍. ചിത്രം ക്രിക്ട്രാക്കർ
രോഹിത്തിനെ പോലെ ടീമിനൊപ്പം കിരീടനേട്ടം ആഘോഷിക്കാന്‍ സാധിച്ചില്ലെങ്കിലും എണ്ണമറ്റ റെക്കോഡുകളാല്‍ ലോകകപ്പുകളില്‍ തന്നെ അടയാളപ്പെടുത്താന്‍ ഷാകിബിന് സാധിച്ചിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ 50 വിക്കറ്റ് നേടിയ ഏക താരമാണ് ഷാകിബ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ ഇതിഹാസം ഷാഹിദ് അഫ്രിദി 39 വിക്കറ്റുകളാണ് നേടിയത്. ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ 37 വിക്കറ്റ് നേടി റാഷിദ് ഖാനാണ് ഷാകിബിന്റെ റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നത്.
2026 ലോകകപ്പുകളില്‍ രോഹിത്തിനെയും ഷാകിബിനെയും ആരാധകര്‍ തീര്‍ച്ചയായും മിസ് ചെയ്യുമെന്നുറപ്പാണ്. രോഹിത്തിന് പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും ഷാകിബിന് പകരം വെക്കാന്‍ ഒരു താരത്തെ കണ്ടെത്താന്‍ ഇതുവരെ കടുവകള്‍ക്കായിട്ടില്ല. കളിക്കളത്തിലെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഷാകിബെന്ന ക്രിക്കറ്ററുടെ പ്രതിഭ പകരം വെക്കാനില്ലാത്തത് തന്നെയാണെന്ന് ആരാധകര്‍ ഒന്നാകെ സമ്മതിക്കുന്നതാണ്.