ഇതിഹാസങ്ങളില്ലാതെ ഇന്ത്യയിറങ്ങുന്നു; 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം
Cricket
ഇതിഹാസങ്ങളില്ലാതെ ഇന്ത്യയിറങ്ങുന്നു; 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം
Sudev A
Saturday, 6th June 2026, 9:15 am

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാവുകയാണ്. പഞ്ചാബിലെ മുല്ലാന്‍പൂരിലാണ് മത്സരം. 2025 നവംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ഇല്ലാതെയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.

ഇതിന് മുമ്പ് ഇരുവരും ഇല്ലാതെ ഇന്ത്യ അവസാനമായി ഹോം ടെസ്റ്റില്‍ ഇറങ്ങിയത് 2010ലായിരുന്നു. നാഗ്പൂരില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ഈ മത്സരം. ഈ സമയങ്ങളില്‍ ജഡേജയും അശ്വിനും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലായിരുന്നു.

ആർ. അശ്വിൻ

2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പരമ്പരയില്‍ ഗാബ ടെസ്റ്റിന് ശേഷമായിരുന്നു താരം അപ്രതീക്ഷിതമായി പടിയിറക്കം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമത്തെ താരമാണ് അശ്വിന്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലായി 287 മത്സരങ്ങളില്‍ നിന്ന് 765 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്.

എന്നാല്‍ ജഡേജ ടി-20യില്‍ നിന്നും മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളുടെ ഭാഗമാണ് ജഡേജ. താരത്തിന് ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കുകയായിരുന്നു ടീം മാനേജ്മന്റ്.

രവീന്ദ്ര ജഡേജ

അതേസമയം സമീപകാലങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ സൗത്ത് ആഫ്രിക്കയോടും ന്യൂസിലാന്‍ഡിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗംഭീറിന്റെ കീഴില്‍ രണ്ട് ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യക്ക് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ മണ്ണിലെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

റെഡ് ബോള്‍ ക്രിക്കറ്റില്‍ അടുത്തിടെ നടന്ന പരമ്പരകളില്‍ മോശം പ്രകടനം നടത്തുന്ന ഇന്ത്യ അഫ്ഗാനെതിരെ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്തര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.

 

Content Highlight: For the first time after 15 year India playing a home test without R. Ashwin and Ravindra Jadeja

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.