ഫിഫ ക്ലബ് വേൾഡ് കപ്പിൽ ജർമൻ വമ്പൻ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് സെമി ഫൈനലിൽ. ന്യൂ ജേർസിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് അതികായന്മാർ വിജയ കൊടി പാറിച്ചത്.
അവസാന നിമിഷം വരെ ഡോർട്മുണ്ട് ഉയർത്തിയ ഭീഷണികളെ അതിജീവിച്ചാണ് ലോസ് ബ്ലാങ്കോസ് സെമി ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ എംബാപ്പെ നേടിയ ഗോളും റയൽ ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിന്റെ ഉഗ്രൻ സേവുമാണ് സ്പാനിഷ് ടീമിനെ സെമി കടത്തിയത്.
ആദ്യ വിസിൽ മുഴങ്ങി 10ാം മിനിറ്റിൽ തന്നെ റയൽ ഡോർട്മുണ്ടിന്റെ വല കുലുക്കിയിരുന്നു. ഗോൺസാലോ ഗാർസിയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. പത്ത് മിനിട്ടുകൾക്ക് ശേഷം ഫ്രാൻ ഗാർസിയയും ഗോൾ അടിച്ച് റയലിനെ മുന്നിലെത്തിച്ചു. ഒന്നാം പകുതിയിൽ ഡോർട്മുണ്ടിന് ഒരു അവസരവും നൽകാതെയായിരുന്നു റയലിന്റെ മുന്നേറ്റങ്ങൾ അത്രയും.
എന്നാൽ രണ്ടാം പകുതിയിൽ ഡോർട്മുണ്ട് റയലിന്റെ ഗോൾ പോസ്റ്റിന് മുന്നിൽ അക്രമമഴിച്ചുവിട്ടു. എന്നാൽ ഗോൾ മാത്രം അകന്ന് നിന്നു. ഒടുവിൽ ആശിച്ച ഗോൾ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലെത്തി. മാക്സമില്ല്യൻ ബെയറാണ് ജർമൻ ടീമിനായി ഗോൾ കണ്ടെത്തിയത്.
എന്നാൽ രണ്ട് മിനുട്ടുകൾ തികയും മുമ്പ് തന്നെ റയൽ ഒരു ഗോൾ കൂടെ കണ്ടെത്തി മുന്നിലെത്തി. 67ാം മിനിറ്റിൽ ബില്ലിങ്‌ഹാമിന് പകരം കളത്തിലിറങ്ങിയ കിലിയൻ എംബാപ്പെയായിരുന്നു ഗോൾ വേട്ടക്കാരൻ. ഒരു ഉഗ്രൻ വോളിയിലൂടെയായിരുന്നു താരത്തിന്റെ ഗോൾ.
എന്നാൽ അധികം വൈകാതെ റയലിന് തിരിച്ചടിയായി ഡീൻ ഹുയ്‌സെൻ ചുവപ്പ് കാർഡ് കണ്ട് മടങ്ങി. പിന്നാലെ ഡോർട്മുണ്ടിന് ഒരു പെനാലിറ്റിയും ലഭിച്ചു. സെർഹോ ഗുയിസ് റയൽ ഗോൾ കോർട്ടോയിനെ കാഴ്ചകാരനാക്കി പന്ത് വലയിലെത്തിച്ചു. മത്സരം തീരാൻ മിനുറ്റുകൾ മാത്രം ശേഷിക്കെ ഡോർട്മുണ്ട് സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചു.
മത്സരത്തിന്റെ അവസാന നിമിഷം ഡോർട്മുണ്ടിന്റെ മിഡ്‌ഫീൽഡർ മാർസെൽ സാബിറ്റ്‌സർ പന്തുമായി റയലിന്റെ ഗോൾ മുഖത്തേക്ക് കുതിച്ചു. റയൽ താരങ്ങൾക്ക് ഇടയിലൂടെ താരം പോസ്റ്റിലേക്ക് ഷോട്ടെടുത്തു. ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് പക്ഷെ ലോസ് ബ്ലാങ്കോസിന്റെ കാവൽക്കാരൻ കൈപിടിയിലൊതുക്കി. അതോടെ റഫറി ഫൈനൽ വിസിൽ മുഴക്കി. റയൽ വിജയം സ്വന്തമാക്കി സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
മത്സരത്തിൽ 52 ശതമാനം പന്ത് കൈവശം വെച്ചിട്ടും ഡോർട്‌മുണ്ടിന് വിജയിക്കാനായില്ല. ഡോർട്മുണ്ട് 12 ഷോട്ടുകൾ റയൽ വലയെ ലക്ഷ്യമിട്ട് പായിച്ചപ്പോൾ ദി വൈറ്റ്‌സ് 15 ഷോട്ടാണ് അടിച്ചത്.
ക്വാർട്ടർ കടമ്പ കടന്നതോടെ റയൽ സെമി ഫൈനലിൽ പി.എസ്.ജിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ തകർത്താണ് ഫ്രഞ്ച് കരുത്തന്മാർ സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. എതിരില്ലാത്ത രണ്ട് ഗോൾകൾക്കായിരുന്നു യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരുടെ വിജയം.
Content Highlight: Football: Real Madrid advanced into the semifinal of Club World Cup beating Borussia Dortmund