ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പല ഫുട്‌ബോള്‍ താരങ്ങളും ഇവരോടപ്പം കളിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായി കരുതുന്നവരാണ്. ഇരുവര്‍ക്കുമൊപ്പം പിച്ച് പങ്കിടാന്‍ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ഫ്രാന്‍സിസ്‌ക്കോ ട്രിന്‍കോ. ഇപ്പോള്‍ ഇവരുടെ കൂടെ കളിച്ചതും അവരുമായി ഡ്രസിങ് റൂം പങ്കുവെച്ചതിന്റെ അനുഭവങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍.
ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഒപ്പം ഡ്രസിങ് റൂം പങ്കിടാന്‍ തനിക്ക് ഭാഗ്യമുണ്ടായിയെന്നും ഇത് തന്റെ കുട്ടികളോടും കുടുംബത്തോടും എന്നും പറയാന്‍ കഴിയുന്ന ഒന്നാണെന്നും ട്രിന്‍കോ പറഞ്ഞു.
‘മെസിക്കും റൊണാള്‍ഡോക്കുമൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എന്റെ കുട്ടികളോടും കുടുംബത്തോടും എന്നും എനിക്ക് പറയാന്‍ കഴിയുന്ന ഒന്നാണ് ഇത്. ഫുട്‌ബോളില്‍ ഇക്കാര്യത്തില്‍ ഞാന്‍ പ്രിവിലേജ്ഡാണ്,’ ട്രിന്‍കോ പറഞ്ഞു.
മെസിയും റൊണാള്‍ഡോയും ടീമിനെ കൂടുതല്‍ സഹായിക്കുന്നവരാണെന്നും അത് കൂടുതല്‍ മനസിലാക്കുക പിച്ചിന് പുറത്താണെന്നും ട്രിന്‍കോ പറഞ്ഞു. ഡ്രസ്സിങ് റൂമില്‍ അവര്‍ യഥാര്‍ത്ഥമല്ലെന്ന് പോലും തോന്നുമെന്നും അവര്‍ തങ്ങള്‍ക്ക് പരിചിതമല്ലാത്ത കാര്യങ്ങള്‍ പറയുകയും അവരുടെ കഥകള്‍ പങ്കുവെക്കുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
‘മെസിയും റൊണാള്‍ഡോയും ടീമിനെ കൂടുതല്‍ സഹായിക്കുന്നവരാണ്. അവര്‍ സഹതാരങ്ങളെയും സഹായിക്കാന്‍ ശ്രമിക്കുന്നവര്‍. പിച്ചിന് പുറത്തതാണ് ഇത് കൂടുതല്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്.
ഉദാഹരണത്തിന് പരിശീലന ക്യാമ്പുകളില്‍ അവരുടെ പിന്നില്‍ എപ്പോഴും ആളുകളുണ്ട്. കൂടാതെ, ഡ്രസ്സിങ് റൂമില്‍ അവര്‍ യഥാര്‍ത്ഥമല്ലെന്ന് പോലും നമുക്ക് തോന്നും. അവര്‍ നമുക്ക് പരിചിതമല്ലാത്ത കാര്യങ്ങള്‍ പറയുകയും അവരുടെ കഥകള്‍ പങ്കുവെക്കുകയും ചെയ്യുന്നു. പിച്ചില്‍ ഉള്ളതിനേക്കാള്‍ ഡ്രസ്സിങ് റൂമിനുള്ളിലാണ് കൂടുതല്‍ രസകരം,’ ട്രിന്‍കോ പറഞ്ഞു.
നാട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിലാണ് പിച്ച് പങ്കിടാന്‍ അവസരം ലഭിച്ചത്. ഏഴ് തവണയാണ് ട്രിന്‍കോ റൊണാള്‍ഡോയുമൊത്ത് പോര്‍ച്ചുഗലിന് വേണ്ടി കളിച്ചത്.