ബാഴ്‌സലോണ നോട്ടമിട്ടിരുന്ന സ്പാനിഷ് താരം തന്റെ നിലവിലെ ക്ലബ്ബായ അതിലറ്റ്‌ക്കോ ബിൽബാവോയുമായി കരാർ പുതുക്കി. പത്ത് വർഷത്തേക്കാണ് താരം ക്ലബ്ബുമായി കരാർ നീട്ടിയത്. ഇതോടെ 22 കാരനായ താരം 2035 വരെ ടീമിനൊപ്പമുണ്ടാവും.
നേരത്തെ, താരം പുതിയ സീസണിൽ സ്പാനിഷ് വമ്പന്മാരായ ബാർസലോണയിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുവ വിങ്ങറെ ടീമിൽ എത്തിക്കാൻ ബാഴ്‌സ 53 മില്യൺ (ഏകദേശം 619 കോടിയോളം) പൗണ്ട് റിലീസ് ക്ലോസായി നൽകാൻ തയ്യാറായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കൂടുമാറ്റം സംബന്ധിച്ച് താരവുമായി ചർച്ച നടത്തിയിരുന്നുവെന്നും നിക്കോ താത്പര്യം പ്രകടിപ്പിച്ചിരുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്ത ആഴ്ചകളിൽ താരത്തെ കറ്റാലൻ ക്ലബ് ടീമിലെത്തിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിനിടെയിലാണ് ഇന്ന് (ജൂലൈ 4 വെള്ളി) അതിലറ്റ്ക് ക്ലബ് അപ്രതീക്ഷിതമായി താരവുമായി കരാർ പുതുക്കിയത് അറിയിച്ചത്.
അതിലറ്റിക്കോ ബിൽബാവോയുടെ സോഷ്യൽ മീഡിയ ഹാൻഡിലായ എക്‌സിലൂടെയാണ് നിക്കോ ടീമിനൊപ്പം തുടരുമെന്ന് അറിയിച്ചത്. ഒപ്പം നിക്കോയുടെ റിലീസ് ക്ലോസ് ആദ്യത്തെത്തേതിനേക്കാൾ 50 % ശതമാനം വർധിച്ചതായും ക്ലബ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് ആദ്യമായല്ല നിക്കോയെ ടീമിലെത്തിക്കാൻ ബാർസലോണ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിലും താരത്തെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, സ്പാനിഷ് താരം ഓഫർ നിരസിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കറ്റാലൻ ക്ലബ്ബിന് താരത്തെ ടീമിലെത്തിക്കുന്നതിൽ തിരിച്ചടിയായി.
ഈ സീസണിൽ ബാഴ്‌സ പുറമെ, ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കും താരത്തിനെ ടീമിലെത്തിക്കുന്നതിൽ താത്പര്യം അറിയിച്ചിരുന്നു. ഇരു ക്ലബുകളും പുതിയ സീസണിൽ യുവ വിങ്ങറെ ഒറ്റപ്പമെത്തിക്കാൻ ശ്രങ്ങൾ നടത്തിവരികയായിരുന്നു. അതിനാൽ ഈ സമ്മറിൽ താരം പുതിയ ടീമിൽ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.
Content Highlight: Football: Nico Williams rejected the offer of Barcelona and renewed his Agreement with Athletico Bilbao