എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷ്യ സുരക്ഷക്ക് ഇനി പുതിയ ബില്‍
എഡിറ്റര്‍
Thursday 31st January 2013 12:15am

ന്യൂദല്‍ഹി: ലോക്‌സഭയില്‍ നേരത്തെ അവതരിപ്പിച്ച പഴയ ഭക്ഷ്യ സുരക്ഷാ ബില്‍ ഉപേക്ഷിച്ച് പുതിയ ബില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാല്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ പുതിയ  നിര്‍ദേശങ്ങളാണ് ബില്ലില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക.

Ads By Google

എ.പി.എല്‍, ബി.പി.എല്‍ തരം തിരിവ് ഉണ്ടാകില്ല എന്നത് ബില്ലിന്റെ പ്രത്യേകതയാകും. പുതിയ ബില്‍ പ്രകാരം റേഷന്‍ ഭക്ഷ്യധാന്യത്തിന് അര്‍ഹരായവര്‍, എ.എ.വൈ എന്നീ രണ്ട് വിഭാഗക്കാരാണ്  ബില്ലില്‍ ഉണ്ടാകുക.

എന്നാല്‍ എ.എ.വൈ വിഭാഗം ആവശ്യമില്ലെന്നും റേഷന്‍ ധാന്യത്തിന് അര്‍ഹരായ ഒരു വിഭാഗം മതിയെന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ജമ്മുകാശ്മീര്‍ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 90 ശതമാനം ആളുകള്‍ ഇനി ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ വരും. അതേസമയം സംസ്ഥാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. കൂടാതെ പിന്നോക്ക വിഭാഗത്തല്‍ പെടുന്ന 250 ജില്ലകളിലെ ആളുകള്‍ക്ക് നിലവിലെ എല്ലാ ആനുകൂല്യങ്ങളും  തുടര്‍ന്ന് ലഭിക്കും.

അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും മാസത്തില്‍ 25 കിലോഗ്രാം അരി കൂറഞ്ഞ നിരക്കില്‍  ലഭ്യമാക്കും. അരി കിലോഗ്രാമിന് 3 രൂപ, ഗോതമ്പ് 2 രൂപ, ചാമ പോലുള്ള വക്ക് 1 രൂപ എന്നിങ്ങനെയാണ് നിരക്ക്.

നഗരപ്രദേശത്തെ 50 ശതമാനം ആളുകളെയും  ഗ്രാമപ്രദേശത്തെ 75 ശതമാനം ആളുകളെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ 67 ശതമാനം ആളുകള്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ ബില്ലിനെ കുറിച്ച് തൂരുമാനം ഉണ്ടായത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതിയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഭക്ഷ്യ മന്ത്രി കെ.വി തോമസ് പറഞ്ഞു.

സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ മിക്കതീരുമാനങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ പുതിയ ബില്‍ പാസാക്കാന്‍ തടസ്സമുണ്ടാകില്ലന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ.

Advertisement