എഡിറ്റര്‍
എഡിറ്റര്‍
രാജധാനിയടക്കമുള്ള തീവണ്ടികളില്‍ ഭക്ഷണത്തിന് വില കൂടുന്നു
എഡിറ്റര്‍
Wednesday 5th June 2013 12:30am

train-food2

ന്യൂദല്‍ഹി: തീവണ്ടികളില്‍ ഭക്ഷണത്തിന് വില വീണ്ടും കൂടുന്നു. രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലാണ് അധികം വൈകാതെ തന്നെ  ഭക്ഷണവില ഉയര്‍ത്തുന്നത്.

രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ മുന്‍നിര സര്‍വീസുകളില്‍ പത്തുവര്‍ഷമായി ഭക്ഷ്യവില കൂട്ടിയിട്ടില്ല.  മറ്റ് തീവണ്ടികളിലെ ഭക്ഷ്യവില കഴിഞ്ഞവര്‍ഷം കൂട്ടിയിരുന്നു.

Ads By Google

ഭക്ഷണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുന്നതും വിലനിലവാരവും പരിശോധിക്കാന്‍ പവന്‍കുമാര്‍ ബന്‍സല്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ ശുപാര്‍ശയാണ് ഇപ്പോള്‍ മന്ത്രി സി.പി. ജോഷിയുടെ പരിഗണനയിലുള്ളത്.

എ.സി. രണ്ട്, മൂന്ന് ക്ലാസ്സുകളിലും ചെയര്‍ കാറിലും യാത്രചെയ്യുന്നവരായിരിക്കും വര്‍ധനയുടെ ഭാരം കൂടുതല്‍ അനുഭവിക്കുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും നിലവില്‍ 88 രൂപയാണ് ഈ ക്ലാസ്സുകളിലെ യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. ഇത് 125 രൂപയാക്കും.

ശീതളപാനീയങ്ങളും ചോക്ലേറ്റുകളുമടക്കമുള്ള ചില വിഭവങ്ങള്‍ മെനുവില്‍നിന്ന് ഒഴിവാക്കും. ഐസ്‌ക്രീമും തൈരും പെരുമയുള്ള സ്ഥാപനങ്ങളില്‍നിന്ന് മാത്രമേ വാങ്ങാവൂ എന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം, ഒന്നാം ക്ലാസ്സ് എ.സി.യില്‍ 13 രൂപയുടെ വര്‍ധന മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രാതലിന് ഒന്നാംക്ലാസ്സ് എ.സി. യാത്രക്കാര്‍ക്ക് 24 രൂപ കൂടുമ്പോള്‍ മറ്റ് ക്ലാസ്സുകളില്‍ 31 രൂപയാണ് കൂടുക.

ഭക്ഷണത്തിന്റെ വില ടിക്കറ്റിനൊപ്പം ഈടാക്കുന്നതിനാല്‍ ഇതോടെ ഈ വണ്ടികളിലെ യാത്രനിരക്കും ഉയരും. ഇതുസംബന്ധിച്ച് റെയില്‍വേ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നടപ്പാകും.

Advertisement