മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ വ്യാപാരികളുടെ കട സസ്പെൻഡ് ചെയ്യാനും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും റേഷനിങ് കൺട്രോളർ നിർദേശം നൽകിയിട്ടുണ്ട്.
മൊത്ത വ്യാപാര ഡിപ്പോകളിൽ നിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ചില റേഷൻ വ്യാപാരികൾ തയാറാകുന്നില്ലെന്ന ജില്ലാ സപ്ലൈ ഓഫിസർമാരുടെ (ഡി.എസ്.ഒ) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം.
ഈ മാസം 21 മുതൽ റേഷൻ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും നിലവിലുള്ള 13,989 റേഷൻ കടകളിൽ എഴുന്നൂറിൽ താഴെ കടകളിൽ മാത്രമാണ് മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടുള്ളു. വ്യാപാരികളുടെ നിസഹകരണമാണ് ഇതിന് പിന്നിലെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. എന്നാൽ സർക്കാറിൻ്റെ പിടിപ്പുകേടാണ് മണ്ണെണ്ണ വിതരണത്തിൽ ഉണ്ടായ പാളിച്ചകൾക്ക് കാരണമെന്നാണ് റേഷൻ വ്യാപാരി സംഘടനകൾ പറയുന്നു.
നേരത്തെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 240 മണ്ണെണ്ണ മൊത്ത വിതരണ ഡിപ്പോകളിൽ 30 ഡിപ്പോകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതേതുടർന്ന് വിതരണം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാസർകോട്, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ജില്ലകളിലെ ഡിപ്പോകളിലൊന്നും മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
പലയിടങ്ങളിലും കടകളിൽ ഒന്നര വർഷം മുമ്പ് സ്റ്റോക്കുള്ള മണ്ണെണ്ണയാണ് വ്യാപാരികൾ കാർഡുടമകൾക്ക് നൽകുന്നത്. പ്രത്യേക ലൈസൻസുള്ള വാഹനങ്ങളിൽ മാത്രമേ മണ്ണെണ്ണ കൊണ്ടുപോകാൻ അനുമതിയുള്ളൂ. അതിനാൽ തന്നെ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഉദ്യോഗസ്ഥരെ അറിയിച്ചതെന്നും മണ്ണെണ്ണ വിതരണം ചെയ്യില്ലെന്ന നിലപാടില്ലെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മസ്‌റ്ററിങ് നടത്താത്ത മുൻഗണന കാർഡുകാർക്ക് അടുത്ത മാസം മുതൽ റേഷൻ നൽകേണ്ടതില്ലെന്ന് കേന്ദ്രഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചതായി റിപ്പോർട്ട്.
15,774 പേരാണ് മസ്‌റ്ററിങ് നടത്താത്തത്. ഇതിൽ കൂടുതൽ പേരും പിങ്ക് കാർഡുടമകളാണ്. കഴിഞ്ഞവർഷം സെപ്‌തംബർ 24 മുതൽ മസ്‌റ്ററിങ് ആരംഭിച്ചിരുന്നു. 30വരെ മറ്ററിങ് നടത്തുന്നില്ലെങ്കിൽ അടുത്ത മൂന്നുമാസം പ്രവാസികളുടെ പട്ടികയിൽപ്പെടുത്തും. ഈ കാലയളവിൽ റേഷൻ ലഭിക്കില്ല. തുടർന്ന് മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.
കിടപ്പുരോഗികളും പ്രായമായവരും കൂലിപ്പണിക്കാരും ഇതിലുണ്ട്. ഇവരുടെ റേഷൻ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കത്ത് ഭക്ഷ്യവകുപ്പ് കൈമാറിയിട്ടുള്ളതിനാൽ മസ്‌റ്ററിങ് പൂർത്തിയാക്കിയതായി കണക്കാക്കും.
Content Highlight: Food Department says action will be taken against ration traders who did not distribute kerosene permitted by the Centre to the state