വിലക്കയറ്റം, ഭക്ഷ്യക്ഷാമം, എണ്ണവില വര്‍ധന; മിഡില്‍ ഈസ്റ്റും വടക്കന്‍ ആഫ്രിക്കയും കടന്നെത്തുന്ന പ്രതിസന്ധി; ലോകരാജ്യങ്ങളില്‍ ജനരോഷം ശക്തം
World News
വിലക്കയറ്റം, ഭക്ഷ്യക്ഷാമം, എണ്ണവില വര്‍ധന; മിഡില്‍ ഈസ്റ്റും വടക്കന്‍ ആഫ്രിക്കയും കടന്നെത്തുന്ന പ്രതിസന്ധി; ലോകരാജ്യങ്ങളില്‍ ജനരോഷം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th June 2022, 3:50 pm

ഇക്കഴിഞ്ഞ ആഴ്ചകളിലായി വിവിധ ലോകരാജ്യങ്ങളില്‍ വിലക്കയറ്റത്തിനും അവശ്യ വസ്തുക്കളുടെ ക്ഷാമത്തിനുമെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളടക്കമുള്ള അവശ്യ സാധനങ്ങളുടെയും എണ്ണയുടെയും വില വര്‍ധിച്ചതും അതുവഴി ജീവിതച്ചെലവ് വര്‍ധിച്ചതുമാണ് പ്രതിഷേധത്തിന് പ്രധാന കാരണമായിരിക്കുന്നത്.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയുമാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. അമേരിക്ക നയിച്ച യുദ്ധങ്ങളും വിവിധ ഉപരോധങ്ങളും കാരണം നേരത്തെ തന്നെ ഈ രാജ്യങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെയായിരുന്നു കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്.

ഇതിന് പുറമെ ഉക്രൈന്‍- റഷ്യ യുദ്ധം കാരണമുണ്ടായ അമേരിക്കന്‍ ഉപരോധങ്ങളും അന്താരാഷ്ട്ര പണമിടപാട് ശൃംഖലകളില്‍ നിന്നും റഷ്യയെ മാറ്റി നിര്‍ത്തിയതും കൂടിയായപ്പോഴാണ് ആഗോള തലത്തില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

ഇതിനൊപ്പം കാലാവസ്ഥകളില്‍ വന്ന മാറ്റങ്ങളും ചേര്‍ത്ത് പറയേണ്ടതുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലടക്കം തുടര്‍ച്ചയായുണ്ടായ വരള്‍ച്ചയും വാട്ടര്‍ മാനേജ്‌മെന്റില്‍ വന്ന പിഴവുകളും അഴിമതിയടക്കമുള്ള ഭരണകൂട വീഴ്ചകളും ക്ഷാമത്തിനും വിലക്കയറ്റത്തിനും സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചക്കും ആക്കം കൂട്ടിയപ്പോള്‍ വിവിധ ലോകരാജ്യങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ അത് കാരണമായിട്ടുണ്ട്.

ശ്രീലങ്കയില്‍ ഭക്ഷ്യക്ഷാമവും ഇന്ധനക്ഷാമവും ഭരണകൂട അഴിമതിയും കാരണം കഴിഞ്ഞ കുറേ നാളുകളായി ജനങ്ങള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയാണ്.

ഇതിന് പുറമെ കഴിഞ്ഞ ദിവസം ഫലസ്തീനില്‍ നിന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ള അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്നതാണ് ഫലസ്തീനില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നത്.

ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിലാണ് പ്രധാനമായും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നത്. ഫലസ്തീനിയന്‍ അതോറിറ്റി വിലക്കയറ്റ വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ലോകമെമ്പാടുമുള്ള വിലക്കയറ്റവും ഉക്രൈന്‍ യുദ്ധം മൂലം സാധനങ്ങള്‍ക്കുണ്ടായ വിലവര്‍ധനവും വെസ്റ്റ് ബാങ്കിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

അതേസമയം, ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ- അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ഥലങ്ങളാണ് വടക്കന്‍ ആഫ്രിക്കയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും. റഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്കുള്ള 50 ശതമാനം ഗോതമ്പും ഇറക്കുമതി ചെയ്യുന്നത്.

അതുകൊണ്ട് തന്നെ റഷ്യ- ഉക്രൈന്‍ വിഷയം ഇവിടങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കി.

ഇതിന് പുറമെ, ഈജിപ്ത്, ലെബനന്‍, സിറിയ, യെമന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും വിലക്കയറ്റ ഭീഷണിയിലാണ് കഴിയുന്നത്. ഇറാനിലും വിലവര്‍ധനവിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു.

ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിക്ക് നല്‍കിയിരുന്ന സബ്‌സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണിത്. ഇതോടെ ഭക്ഷ്യ വസ്തുക്കളില്‍ 300 ശതമാനം വിലവര്‍ധനയായിരുന്നു രേഖപ്പെടുത്തിയത്.

ടുണീഷ്യയിലും കൈസ് സയീദിന്റെ ഭരണത്തിനും അതുവഴി രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ജനങ്ങള്‍ പ്രതിഷേധസമരം നയിക്കുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ ഗോതമ്പ്, ബാര്‍ലി, ചോളം, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയ്ക്ക് വലിയ ക്ഷാമവും വിലകളില്‍ വലിയ വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. റഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ പ്ലാന്റിങ്ങ് സീസണില്‍ യുദ്ധം കാരണം വന്ന മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്.

ലോകത്തെ മൊത്തം ഗോതമ്പ് ഉല്‍പാദനത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും ഉക്രൈന്‍, റഷ്യ രാജ്യങ്ങളിന്‍ നിന്നുമാണ് ഉണ്ടാക്കുന്നത്. യുദ്ധം തുടങ്ങി 10 ദിവസത്തിനുള്ളില്‍ 21 ശതമാനമായിരുന്നു ഗോതമ്പിന്റെ വില വര്‍ധിച്ചത്.

നിലവില്‍ ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും വില ആഗോള തലത്തില്‍ തന്നെ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നും അത് ഇനിയും ഉയരാനാണ് സാധ്യതയെന്നുമാണ് വിദഗ്ധരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Food crisis, price hike and economic crisis shook the world, protest in various nations globally