'മനിശ്ശേരി മനയിലെ ഡോ. നിഖിത ബ്രഹ്‌മദത്ത'ന്റെ കെണിയില്‍ വീണത് ഒരുപാട് പേര്‍; കേരളത്തിന് പുറത്ത് നിന്നും അന്വേഷണ സംഘത്തിന് കോളുകള്‍
Kerala News
'മനിശ്ശേരി മനയിലെ ഡോ. നിഖിത ബ്രഹ്‌മദത്ത'ന്റെ കെണിയില്‍ വീണത് ഒരുപാട് പേര്‍; കേരളത്തിന് പുറത്ത് നിന്നും അന്വേഷണ സംഘത്തിന് കോളുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 9:17 am

പാലക്കാട്: ഡോക്ടറാണെന്ന വ്യാജേന യുവാവിനെ ഒന്നര വര്‍ഷമായി കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മുബീന മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനിശ്ശേരി മനയിലെ ശതകോടീശ്വരി ഡോ. നിഖിത ബ്രഹ്‌മദത്തന്‍ എന്ന പേരിലാണ് ഇവര്‍ യുവാവിനെ കബളിപ്പിച്ചത്.

എന്നാല്‍ ഇയാള്‍ മാത്രമല്ല, നിരവധി പേര്‍ക്ക് 35കാരിയുടെ ചതിയില്‍പ്പെട്ട് പണം നഷ്ടമായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ തട്ടിപ്പിന് പിന്നില്‍ ഇവര്‍ മാത്രമാണോ, പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്.

ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു മുബീന മുഹമ്മദ് പൂജാരിയില്‍ നിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയത്. തട്ടിപ്പ് കേസില്‍ അറസ്റ്റിലും ശേഷം റിമാന്‍ഡിലുമായ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി അന്വേഷണ സംഘത്തെ ബന്ധപ്പെടുന്നത്. ആള്‍മാറാട്ട തട്ടിപ്പ് പരാതികളുടെ ആധികാരികത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കാവില്‍പ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയുടെ പരാതിയിന്‍മേലാണ് മുബീന മുഹമ്മദ് നിലവില്‍ അറസ്റ്റിലായത്. മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തന്‍ ആണെന്ന് പറഞ്ഞാണ് യുവതി പരാതിക്കാരനെ പരിചയപ്പെട്ടത്.

കോടികളുടെ സ്വത്തിന്റെ ഏക അവകാശിയാണ് താനെന്നും തറവാട്ടില്‍ ആണവകാശികള്‍ ഇല്ലാത്തതിനാല്‍ യുവാവിനെ ദത്തെടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇക്കാര്യം സ്റ്റാംപ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു.

പിന്നീട് ഇവര്‍ തമ്മില്‍ ഒരു വര്‍ഷത്തോളം സൗഹൃദം തുടര്‍ന്നു. പിന്നീട് ഇടക്കിടെ താന്‍ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.

പൂജാരിയെത്തുന്ന സമയങ്ങളില്‍ ഡോക്ടറാണെന്ന് തോന്നുന്ന തരത്തില്‍ പെരുമാറി. സ്റ്റെതസ്കോപ് അടക്കം അണിഞ്ഞുകൊണ്ടായിരുന്നു ഇവര്‍ ആശുപത്രിയില്‍ നിന്നിരുന്നത്. കൂടുതല്‍ വിശ്വാസ്യതയ്ക്കായി സഹായികളെയും ഒപ്പം നിര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെ, താന്‍ നിര്‍മിക്കാനൊരുങ്ങുന്ന ഐ.വി.എഫ് ആശുപത്രിയില്‍ പാര്‍ട്ണറാക്കാം എന്ന് പറഞ്ഞ് ഇയാളില്‍ നിന്നും പലപ്പോഴായി 68 ലക്ഷം രൂപ കൈപ്പറ്റി.

പരിചയപ്പെടുന്നവരോട് പണം ചോദിച്ചു വാങ്ങുന്ന ഇവര്‍ തുടക്കത്തില്‍ അത് മടക്കി നല്‍കും. വിശ്വാസം നേടിയെടുത്ത അടുത്ത തവണ കൂടുതല്‍ പണം വാങ്ങിക്കുകയും തിരികെ നല്‍കാതെ മുങ്ങുന്നതുമാണ് ഇവരുടെ പതിവ് രീതി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിവിധ ജില്ലകളില്‍ പല പേരുകളിലും പല സ്ഥലത്തും ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.

9ാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ്  മുബീനയ്ക്കുള്ളത്. എന്നാല്‍ ഡോക്ടറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ ഇവര്‍ക്ക് ധാരാളം സഹായികള്‍ ഉണ്ടായിരുന്നു.

പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോര്‍ച്ചറിയിലും വെച്ച് കണ്ടതിനാല്‍ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പരാതിക്കാരനും പറയുന്നു.

സമാന രീതിയില്‍ ധാരാളം പേരില്‍ നിന്നും ഇത്തരത്തില്‍ മുബീന പണം വാങ്ങിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോര്‍ത്ത് എന്നീ സ്റ്റേഷനുകളിലും മുബീനയുടെ പേരില്‍ ഇതിനോടകം തന്നെ പല കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Content Highlight: Following the arrest of Mubeena Mohammed, more people who lost money contacted the investigation team.