തിരുവനന്തപുരം: ആശാ വർക്കർമാർക്ക് പിന്നാലെ സമരത്തിനൊരുങ്ങി അസംഘടിത തൊഴിലാളികളും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന 24ലധികം വിഭാഗം തൊഴിലാളികൾക്കായുള്ള കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വെൽഫെയർ ഫണ്ട് ബോർഡിൽ 21 ലക്ഷത്തിലധികം അംഗങ്ങൾ മാസം 50 രൂപ വീതം അംശാദായം അടക്കുന്നുണ്ടെങ്കിലും ഇവർക്കുള്ള 17 മാസത്തെ പെൻഷൻ തുക കുടിശ്ശികയാണ്.
നിർമാണ, തയ്യൽ തൊഴിലാളികൾ തുടങ്ങി അസംഘടിത തൊഴിലാളികളുടെ 32ഓളം ക്ഷേമനിധികളായി വലിയ തുക കുടിശ്ശിക മാസംതോറും തൊഴിലാളികളിൽ നിന്ന് ക്ഷേമനിധി സെസ്സായും മറ്റും പിരിക്കുമ്പോഴാണിത്.
ചികിത്സ, വിവാഹം, പ്രസവം, വിദ്യാഭ്യാസം, മരണം, മരണാനന്തര ആനുകൂല്യങ്ങളും ഒരു വർഷമായി കുടിശ്ശികയാണ്. ക്ഷേമനിധി അംഗങ്ങൾ 60 വയസിൽ പിരിയുമ്പോൾ ലഭിക്കേണ്ട റീ ഫണ്ട് തുകയും 17 മാസമായി നൽകിയിട്ടില്ല. 12 ലക്ഷത്തിലധികം അംഗങ്ങളുള്ള തയ്യൽ തൊഴിലാളി ക്ഷേമനിധിയിലും പെൻഷൻ പ്രസവാനുകൂല്യങ്ങൾ എട്ടു മാസമായി കുടിശ്ശികയാണ്. ഈ ക്ഷേമനിധിയിൽ 95 ശതമാനം അംഗങ്ങളും സ്ത്രീകളാണ്. ഇവിടെ പ്രസവാനുകൂല്യത്തിന്റെ രണ്ടാം ഗഡുവായ 13,000 രൂപ 26 മാസമായി കുടിശ്ശികയാണ്.
ഇക്കാര്യങ്ങളുന്നയിച്ച് 140 എം.എൽ.എമാർക്കും അവകാശ പ്രതിക സമർപ്പിച്ച് തങ്ങൾ പ്രക്ഷോഭം തുടങ്ങുമെന്ന് ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴീസ് യൂനിയൻ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി പറഞ്ഞു.
ക്ഷേമനിധി അംഗങ്ങൾക്ക് ഇ.എസ്.ഐ പരിരക്ഷ, വിവാഹ ധനസഹായം, പ്രസവാനുകൂല്യം തുടങ്ങിയവ 25,000 രൂപയായി വർധിപ്പിക്കുക. ഒരു ലക്ഷം രൂപ ട്രെയ് അനുവദിക്കുക, ക്ഷേമനിധി സെസ്സ് പിരിക്കുന്നതിന് തൊഴിലാളി യൂനിയൻ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് സമിതി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശ പത്രികയിലുള്ളതെന്ന് ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ പറഞ്ഞു.
അതേസമയം വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ കഴിഞ്ഞ ഒരു മാസമായി സമരത്തിലാണ്. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
എന്നാൽ രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തിൽ അനുനയനീക്കം തുടരുകയാണ്. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആകില്ല എന്നാണ് ആശാ വർക്കർമാരുടെ നിലപാട്.
Content Highlight: Following ASHA workers, unorganized workers are also preparing for a strike.