ഫ്‌ളോട്ടില്ല മനുഷ്യത്വത്തിന്റെ പ്രതീകം; കസ്റ്റഡിയിലെടുത്ത പൗരന്മാരെ മോചിപ്പിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് മലേഷ്യ
World
ഫ്‌ളോട്ടില്ല മനുഷ്യത്വത്തിന്റെ പ്രതീകം; കസ്റ്റഡിയിലെടുത്ത പൗരന്മാരെ മോചിപ്പിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് മലേഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2025, 12:14 pm

ക്വാലാലംപൂർ: മാനുഷിക സഹായവുമായി ഗസയിലേക്ക് തിരിച്ച ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.

ഫ്ളോട്ടില്ലയിൽ വെച്ച് അറസ്റ്റ് ചെയ്ത എല്ലാ മലേഷ്യൻ ആക്ടിവിസ്റ്റുകളെയും വളണ്ടിയർമാരെയും ഉടൻ മോചിപ്പിക്കണമെന്ന് അദ്ദേഹം എക്‌സിൽ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കിൽ ഇസ്രഈലിനെതിരെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസയിലെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്ന ഒരു മാനുഷിക ദൗത്യമാണിതെന്നും കസ്റ്റഡിയിലുള്ള മലേഷ്യൻ പൗരന്മാരെ മോചിപ്പിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ മാനുഷിക ദൗത്യം തടയുന്നതിലൂടെ ഇസ്രഈൽ ഫലസ്തീൻ ജനതയുടെ മൗലികാവകാശങ്ങൾ തടയുകയാണെന്നും ലോക സമൂഹത്തിന്റെ മനസാക്ഷിയെ ചവിട്ടി മെതിക്കുകയുമാണെന്നും അൻവർ വിമർശിച്ചു.

ഫ്ളോട്ടില്ല വെറുമൊരു വാഹനവ്യൂഹമല്ലെന്നും മനുഷ്യത്വത്തിനോടുള്ള ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണെന്നും മനുഷ്യത്വ രഹിതമായ ഉപരോധങ്ങൾക്ക് കീഴിൽ ജീവിക്കാൻ നിർബന്ധിതരാകുന്നവർക്ക് ഇതൊരു പ്രത്യാശയാണെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകും. അവരുടെ അവകാശങ്ങളും അന്തസ്സും ലംഘിക്കപ്പെടുമ്പോൾ ഞങ്ങൾ നിശബ്ദരായി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാലമായി നിലനിൽക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ മലേഷ്യ ഉറച്ചു നിൽക്കുമെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.

ഫ്ളോട്ടില്ലയിൽ നിന്നും എട്ട് മലേഷ്യക്കാരെ ഇസ്രഈൽ സൈന്യം കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചിരുന്നു. സിസി കിരാന എന്നറിയപ്പെടുന്ന നൂർ ഫസേല മദ് തഹിലുൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായി മലേഷ്യൻ ന്യൂസ് ഏജൻസിയായ ബെർനാമ റിപ്പോർട്ട് ചെയ്തു.

അൽമ എന്ന കപ്പലിൽ നിന്ന് മൂസ നുവൈരി, ഇലിയ ബൽഖിസ്, സുൽ ഐദിൽ എന്നിവരെയും സിറിയസ് എന്ന കപ്പലിൽ നിന്ന് ഹൈക്കൽ അബ്ദുല്ല, മുവാസ് സൈനൽ, സുൽഫദ്‌ലി ഖിദുദ്ദീൻ, റുസിദി രാംലി എന്നിവരെയും കസ്റ്റഡിയിലെടുത്തതായും ബെർനാമ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ നാല് മലേഷ്യക്കാരെകൂടി കസ്റ്റഡിയിലെടുത്തതായും ബെർനാമ സ്ഥിരീകരിച്ചു.

Content Highlight: Flotilla is a symbol of humanity; Malaysia warns of legal action if detained citizens are not released