ആന്ധ്രയിലും തമിഴ്‌നാട്ടിലും പ്രളയമുന്നറിയിപ്പ്; ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും പ്രളയമുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴതുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ടും കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
മണിക്കൂറികളായി തുടരുന്ന മഴയില്‍ ചെന്നൈയിലെ വിവിധ മേഖലയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മൈലാപൂര്‍, പൂനമല്ലി, ആവടി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. തീവ്ര ന്യൂനമര്‍ദമായ ചുഴലിക്കാറ്റ് ന്യൂനമര്‍ദമാകുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മഴയ്‌ക്കൊപ്പം തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയില്‍ ഇതുവരെ സംസ്ഥാനത്ത് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു.
ഡിറ്റ് വാ ആഞ്ഞടിച്ച ശ്രീലങ്കയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 334 പേര്‍ മരിച്ചു. 370 പേരെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 25 ജില്ലകളിലായുള്ള 11 ലക്ഷം പേരെയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് ബാധിച്ചത്.