നേപ്പാളിലെ പ്രളയക്കെടുതി; 275 ഇന്ത്യക്കാരെ കാണാനില്ല: രക്ഷാപ്രവര്‍ത്തനം തുടരുന്നു
India
നേപ്പാളിലെ പ്രളയക്കെടുതി; 275 ഇന്ത്യക്കാരെ കാണാനില്ല: രക്ഷാപ്രവര്‍ത്തനം തുടരുന്നു
അഞ്ജു ചന്ദ്രന്‍
Sunday, 30th August 2026, 7:51 am

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നല്‍ പ്രളയത്തില്‍ 275 ഇന്ത്യക്കാരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരന്തത്തില്‍ കാണാതായ ഇന്ത്യക്കാരില്‍ കൈലാസ് മാനസസരോവര്‍ തീര്‍ഥാടകരും ജല വൈദ്യുത നിലയങ്ങളില്‍ ജോലിചെയ്യുന്നവരും ഉള്‍പ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസവും തുടരുമ്പോള്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. നേപ്പാളിലെ വിവിധ മേഖലകളില്‍ ഉണ്ടായിരിക്കുന്ന പ്രളയത്തിലും മണ്ണിടിച്ചലിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നതോടെ ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും ആശയവിനിമയവും തടസപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീകൂലമായ കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രദേശവും രക്ഷാപ്രവര്‍ത്തനത്തിന് വലിയ രീതിയില്‍ വെല്ലുവിളിയാകുന്നുണ്ടെന്ന് നേപ്പാള്‍ വിദേശ കാര്യമന്ത്രാലയവും റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിലൂടെ 108 ഇന്ത്യക്കാരെ രക്ഷിച്ചതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മറ്റു രാജ്യങ്ങളില്‍ പൗരത്വമുള്ള 128 ഇന്ത്യന്‍ വംശജരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൈന അതിര്‍ത്തിയിലെ 900 ആളുകളും സുരക്ഷിതരാണെന്നും മന്ത്രലയം പറഞ്ഞു.

ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 600 കടന്നതായാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ കണക്ക്. ആയിരക്കണക്കിന് ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനും ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുമായി ഇന്ത്യയും സഹായം ശക്തമാക്കിയിട്ടുണ്ട്.

മരിച്ചവരെ തിരിച്ചറിയുന്നതിനായി ആറ് അംഗ ഫോറന്‍സിക് വിദഗ്ധ സംഘത്തെയും ഇന്ത്യ കാഠ്മണ്ഡുവിലേക്ക് അയച്ചന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്തബാധിത മേഖലകളിലെ തുരങ്കങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പ്രത്യേക രക്ഷാസംഘത്തെയും ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. മരുന്നുകള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘത്തെയും ഇന്ത്യ നേപ്പാളിലേക്ക് അയച്ചിരുന്നു.

287 ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അവരുടെ കുടുംബങ്ങളില്‍ ആശങ്ക തുടരുകയാണ്. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ അധികൃതരും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും.

Content Highlights: Flood devastation in Nepal; 275 Indians missing; rescue operations underway.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.