അഞ്ച് വര്‍ഷത്തെ ജയില്‍വാസവും അവന്റെ മനസ്സിനെ തകര്‍ത്തിട്ടില്ല, പോരാട്ടം തുടരും: ഉമര്‍ ഖാലിദിന്റെ പിതാവ്
India
അഞ്ച് വര്‍ഷത്തെ ജയില്‍വാസവും അവന്റെ മനസ്സിനെ തകര്‍ത്തിട്ടില്ല, പോരാട്ടം തുടരും: ഉമര്‍ ഖാലിദിന്റെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2025, 11:37 am

ന്യൂദല്‍ഹി: അഞ്ച് വര്‍ഷത്തെ ജയില്‍വാസം മകന്റെ മനസ്സിനെ തകര്‍ത്തിട്ടില്ലെന്ന് ദല്‍ഹി കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ പിതാവ്.

ദല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.

ദീര്‍ഘകാല ജയില്‍വാസം തന്റെ മകന്റെ മനസ്സിനെ തകര്‍ത്തിട്ടില്ലെന്നും അവന്റെ മനസില്‍ അതേ പോരാട്ടവീര്യം ഇപ്പോഴുമുണ്ടെന്നുമായിരുന്നു സയ്യിദ് ഖാസിം റസൂല്‍ ഇല്യാസ് പറഞ്ഞത്. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇല്യാസ്.

‘ഇപ്പോഴത്തെ ഈ ജയില്‍ വാസത്തില്‍ ഉമറിന് ഖേദമില്ല. വര്‍ഷങ്ങള്‍ ജയിലില്‍ തുടരേണ്ടി വന്നിട്ടും അവന്റെ മനസ് തകര്‍ന്നിട്ടില്ല. ഇനി അവന്‍ പുറത്തിറങ്ങിയാലും വീട്ടിലൊതുങ്ങിക്കൂടുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്റെ പോരാട്ടം അവന്‍ തുടരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു,’ ഇല്യാസ് പറഞ്ഞു.

യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

ഉമര്‍ കെ ദോസ്തും തുഷാര്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപീകരിച്ച ഹം ഭാരത് കെ ലോഗും ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഉമര്‍ ഖാലിദും സുഹൃത്തുക്കളും നീതിയുക്തമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ആക്ടിവിസ്റ്റുകള്‍ യോഗത്തില്‍ പറഞ്ഞു.

‘നിയമവിരുദ്ധമായ തടങ്കലിനെതിരെ ശബ്ദമുയര്‍ത്താനും ന്യായമായ വിചാരണ ആവശ്യപ്പെടാനുമാണ്’ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും സംഘാടകയുമായ ഗുഡ്ഡി എസ്.എല്‍ പറഞ്ഞു.

‘ഇക്കാലത്ത് ഞങ്ങള്‍ക്ക് തുറസ്സായ സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയില്ല. അതുകൊണ്ടാണ് ഞങ്ങള്‍ അത് മുംബൈ മറാത്തി പത്രകര്‍ സംഘത്തില്‍ നടത്തിയത്’, ഗുഡ്ഡി എസ്.എല്‍ പറഞ്ഞു.

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബര്‍ 12ല്‍ നിന്ന് 19 ലേക്ക് മാറ്റിവെക്കുകയായിരുന്നു.

അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഫയലുകള്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് കേസ് മാറ്റിവെച്ചത്.

2020 ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്‌മാന്‍ എന്നിങ്ങനെ അഞ്ച് പേരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, സി.യു. സിംഗ്, ഡോ. അഭിഷേക് മനു സിങ്‌വി സിദ്ധാര്‍ത്ഥ് ദവേവ് തുടങ്ങിയവരാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നത്.

കലാപം ഒരു പതിവ് പ്രതിഷേധമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതും ഗൂഢാലോചനയാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.

പ്രതികള്‍ 2020 മുതല്‍ വിചാരണ തടവുകാരായി കസ്റ്റഡിയിലാണ്. അതേസമയം ഇതേ കേസില്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് 2021 ജൂണില്‍ ജാമ്യം ലഭിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന് 2022 മാര്‍ച്ചില്‍ ജാമ്യം അനുവദിച്ചിരുന്നു.

Content Highlight: Five years of jail haven’t broken son’s spirit: Umar Khalid’s father