ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് അഞ്ച് വയസുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തിന് സമീപം കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അതിക്രമത്തിന് പിന്നാലെ പെണ്‍കുട്ടി കരഞ്ഞ് നിലവിളിച്ചതോടെ പെണ്‍കുട്ടിയുടെ കുടുംബം സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
മെയ് 18നാണ് അതിക്രമം നടന്നത്. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിയായ പവിത്രയെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മുത്തശ്ശിയെ പ്രതി പിടിച്ച് തള്ളിയിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സംഭവസ്ഥലത്ത് എത്തുകയും ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു.
അതേസമയം പ്രതി മാനസിക രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയച്ചത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. പ്രതിയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് പ്രതിയുടെ കുടുംബം പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ അതിക്രമത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഒരു മെഡിക്കല്‍ സ്റ്റോറിലെ ജോലിക്കാരനാണ്.