'നവകേരള രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News
'നവകേരള രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ആദര്‍ശ് എം.കെ.
Tuesday, 26th May 2026, 3:26 pm

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഡി.ജി.പി പുറപ്പെടുവിച്ചു.

2023 ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ ഗണ്‍മാനും സംഘവും ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

അന്ന് മര്‍ദ്ദനമേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് നിലവില്‍ ആലപ്പുഴയില്‍ നിന്നുള്ള എം.എല്‍.എയാണ്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. പ്രതിഷേധക്കാരെ പ്രാദേശിക പൊലീസ് നീക്കം ചെയ്തിരുന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടേണ്ട സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല.

ലാത്തി ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതിനാല്‍ ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താനും എസ്.ഐ.ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്

കഴിഞ്ഞ 25 വര്‍ഷമായി പിണറായി വിജയന്റെ ഗണ്‍മാനാണ് ഇപ്പോള്‍ നടപടി നേരിട്ട അനില്‍കുമാര്‍.

അതേസമയം, നടന്നത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടതെന്നുമാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിക്കുന്നത്. കേസിന് പിന്നില്‍ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നും ഇവര്‍ ആരോപിക്കുന്നു.

 

Content Highlight: Five policemen have been suspended for beating up KSU and Youth Congress workers during the Nava Kerala Yatra.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.