ഇന്ത്യ-പാക് സംഘർഷത്തിൽ അഞ്ച് ജെറ്റുകൾ തകർക്കപ്പെട്ടു: പുതിയ വാദവുമായി ട്രംപ്
Trending
ഇന്ത്യ-പാക് സംഘർഷത്തിൽ അഞ്ച് ജെറ്റുകൾ തകർക്കപ്പെട്ടു: പുതിയ വാദവുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 2:02 pm

വാഷിങ്ടൺ: മെയ് മാസം നടന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിനിടെ അഞ്ച് ജെറ്റുകൾ വെടിവെച്ച് തകർക്കപ്പെട്ടിട്ടുണ്ടെന്ന പുതിയ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏത് രാജ്യത്തിൻറെ ജെറ്റുകളാണ് തകർക്കപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇനി ഇരു രാജ്യങ്ങളും ജെറ്റുകൾ വെടിവെച്ചിട്ടോ എന്നതിലും ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കായി നടത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിന്റെ വാദം.

കൂടാതെ തന്റെ ഇടപെടൽ മൂലമാണ് ഇന്ത്യ-പാക് യുദ്ധം അവസാനിച്ചതെന്ന വാദം ട്രംപ് ആവർത്തിക്കുന്നുമുണ്ട്. അതേസമയം യുദ്ധ സമയത്ത് അഞ്ച് ജെറ്റുകൾ തകർക്കപ്പെട്ടിട്ടുണ്ടെന്ന ട്രംപിന്റെ അവകാശവാദത്തെ പിന്തുണക്കുന്ന ഔദ്യോഗിക സ്ഥിരീകരണമോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ല.

‘ഞങ്ങൾ ഒരുപാട് യുദ്ധങ്ങൾ നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വളരെ വലുതായിരുന്നു. സമീപകാലത്തൊന്നും അത് അവസാനിക്കാൻ സാധ്യതയില്ലായിരുന്നു. അവിടെ ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടതായി ഞാൻ കരുതുന്നു. യഥാർത്ഥത്തിൽ ഇവ രണ്ടും ശക്തമായ ആണവായുധങ്ങൾ ഉള്ള രാജ്യങ്ങളാണ്. അവർ പരസ്പരം ആക്രമിക്കുകയായിരുന്നു. ഞങ്ങൾ ഒരു വ്യാപാര നയത്തിലൂടെ ആ യുദ്ധം അവസാനിപ്പിച്ചു. നിങ്ങൾക്ക് വ്യാപാരകരാറുകൾ ഉണ്ടാക്കണ്ടേയെന്ന് ഞങ്ങൾ ചോദിച്ചു. അവർ പരസ്പരം ആണവായുധങ്ങൾ ഉപയോഗിക്കുകയോ യുദ്ധം തുടരുകയോ ചെയ്താൽ വ്യാപാരക്കരാറുകൾ ഉണ്ടാകില്ലെന്ന് ഞങ്ങൾ പറഞ്ഞു,’ ട്രംപ് പറഞ്ഞു.

എട്ട് വർഷം കൊണ്ട് മറ്റേതൊരു ഭരണകൂടത്തിനും നേടാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ ആറ് മാസം കൊണ്ട് തന്റെ ഭരണകൂടം നേടിയെന്നും ട്രംപ് പറഞ്ഞു. തന്നെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തതായി പാകിസ്ഥാൻ അവകാശവാദമുന്നയിച്ചിരുന്നു. പാകിസ്താന്റെ കുറച്ച് വിമാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യയും അവകാശപ്പെട്ടിരുന്നു. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിച്ചതില്‍ പങ്കുവഹിച്ചെന്ന് നിരന്തരമായി ട്രംപ് അവകാശവാദം ഉന്നയിക്കുകയാണ്. മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടും ട്രംപ് അവകാശവാദം അവസാനിപ്പിച്ചിട്ടില്ല.

മെയ് 10 ന് നടന്ന ഫോൺ സംഭാഷണത്തിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ ആലോചിച്ച ശേഷമാണ് സൈനിക നടപടികൾ നിർത്തലാക്കാനുള്ള തീരുമാനമെടുത്തതെന്ന് ഇന്ത്യ പറഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാൻ നിയന്ത്രിത പ്രദേശങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഡ്രോണുകൾ, മിസൈലുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ഇരുരാജ്യങ്ങളും നാല് ദിവസം നീണ്ടുനിന്ന ആക്രമണങ്ങൾ നടത്തിയിരുന്നു.

12 ദിവസം നീണ്ടുനിന്ന ഇസ്രഈൽ-ഇറാൻ സംഘർഷവും തന്റെ മധ്യസ്ഥതയിൽ അവസാനിപ്പിച്ചതായി ട്രംപ് പറഞ്ഞിരുന്നു.

 

 

Content Highlight: Five jets shot down during India-Pakistan conflict, claims U.S. President Donald Trump