ആദ്യം ദേശദ്രോഹിയെന്നു വിളിച്ചു, പിന്നെ നക്‌സലൈറ്റെന്നും; തെളിയിക്കാനായാല്‍ ഇപ്പോള്‍ ഇവിടെവച്ച് തന്നെ അറസ്റ്റു ചെയ്യട്ടെയെന്ന് ദിഗ്‌വിജയ് സിംഗ്
national news
ആദ്യം ദേശദ്രോഹിയെന്നു വിളിച്ചു, പിന്നെ നക്‌സലൈറ്റെന്നും; തെളിയിക്കാനായാല്‍ ഇപ്പോള്‍ ഇവിടെവച്ച് തന്നെ അറസ്റ്റു ചെയ്യട്ടെയെന്ന് ദിഗ്‌വിജയ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2018, 9:39 am

ന്യൂദല്‍ഹി: ബി.ജെ.പി ആരോപിക്കുന്ന പോലെ താന്‍ മാവോയിസ്റ്റ് അനുകൂലിയാണെന്നു തെളിയിക്കാനായാല്‍ സര്‍ക്കാര്‍ തന്നെ അറസ്റ്റു ചെയ്യട്ടെയെന്ന് വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. താന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ അറസ്റ്റു ചെയ്യട്ടെ എന്നു വെല്ലുവിളിക്കുകയാണെന്നാണ് പ്രസ്താവന.

“ആദ്യം അവരെന്നെ ദേശദ്രോഹിയെന്നു വിളിച്ചു, ഇപ്പോള്‍ നക്‌സലൈറ്റെന്നും. അങ്ങിനെയാണെങ്കില്‍, അവര്‍ ഈ നിമിഷം ഇവിടെവച്ച് എന്നെ അറസ്റ്റു ചെയ്യട്ടെ” ദിഗ്‌വിജയ് സിംഗ് പറയുന്നു. ഗുജറാത്ത് മോഡല്‍ ഭരണത്തിന്റെ ഉദാഹരണമാണ് സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“അവര്‍ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപിക്കുന്നത്. ഇതേ ഗുജറാത്ത് മോഡല്‍ ഭരണത്തിന്‍കീഴിലാണ് വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നതും.” ദിഗ്‌വിജയ് സിംഗ് പറയുന്നു.

 

Also Read: ഒന്നുകില്‍ നയംമാറ്റം, അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം”; മൂന്നുലക്ഷം പേരെ അണിനിരത്തിയുള്ള കര്‍ഷകത്തൊഴിലാളി മാര്‍ച്ച് അല്‍പ്പസമയത്തിനകം

 

നേരത്തേ, കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനായി രാജ്യസുരക്ഷ പണയംവയ്ക്കുകയാണെന്ന് ബി.ജെ.പി വക്താവ് സമ്പിത് പത്ര ആരോപിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശകസമിതി യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നക്‌സലൈറ്റുകളെ പിന്താങ്ങുകയായിരുണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദിഗ്‌വിജയ് സിംഗ്, ജയറാം രമേശ് എന്നിവര്‍ക്ക് നക്‌സല്‍ ബന്ധങ്ങളുള്ളതായും അദ്ദേഹം ആരോപണമുയര്‍ത്തിയിരുന്നു. രണ്ടു നക്‌സലൈറ്റുകള്‍ തമ്മിലെഴുതിയതെന്ന പേരില്‍ ഒരു കത്തു കാണിച്ച പത്ര, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സാമ്പത്തിക സഹായവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായും, സഹായങ്ങള്‍ക്ക് ദിഗ്‌വിജയ് സിംഗിനെ സമീപിക്കാമെന്നു സൂചിപ്പിച്ചതായും പറഞ്ഞിരുന്നു.