ആദ്യം മുസ്‌ലിങ്ങളെ, ഇപ്പോള്‍ ഇടതുപക്ഷത്തെ; ബ്രിട്ടണിലെ വിദ്യാഭ്യാസ നയ പരിഷ്‌കരണം ലക്ഷ്യം വെക്കുന്നത്
Opinion
ആദ്യം മുസ്‌ലിങ്ങളെ, ഇപ്പോള്‍ ഇടതുപക്ഷത്തെ; ബ്രിട്ടണിലെ വിദ്യാഭ്യാസ നയ പരിഷ്‌കരണം ലക്ഷ്യം വെക്കുന്നത്
മാലിയ ബവാട്ടിയ
Tuesday, 6th October 2020, 5:01 pm

കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രൊജ്ക്ടിന്റെ ഭാഗമായി മുതലാളിത്ത വിരുദ്ധ ആശയങ്ങള്‍ (തീവ്ര ആശയങ്ങള്‍ തടയുന്നതിനായി) സ്‌കൂളുകളിലെ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കം പൗര സ്വാതന്ത്ര്യത്തിനും, രാഷ്ട്രീയ അവകാശങ്ങള്‍ക്കും മേലുള്ള ഏറ്റവും പുതിയ ആക്രമണമാണ്.

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ മുതലാളിത്തത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തീവ്ര രാഷ്ട്രീയ നിലപാടാണെന്നാണ് അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ അധ്യാപകര്‍ക്ക് ക്ലാസില്‍ മുതലാളിത്തതിന് എതിരായ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിക്കാനോ അത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘടനകളില്‍ നിന്നുള്ള വിഭവങ്ങള്‍ പഠനാവശ്യത്തിനായി ഉപയോഗിക്കാനോ കഴിയില്ല.

അധ്യാപകര്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ തീവ്രമല്ലെങ്കില്‍ പോലും ഇവ ക്ലാസ്‌റൂമില്‍ ഉപയോഗിക്കുന്നത് അത്തരം സംഘടനകളെ പിന്താങ്ങുന്നതിന് തുല്യമാണെന്നാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

ഈ ആശയം മനസിലാക്കാന്‍ അല്‍പം പ്രയാസമാണെങ്കിലും ഇത് പ്രതിഫലിപ്പിക്കുന്നതും അടിവരിയിടുന്നതും രാഷ്ട്രീയമായ എതിരഭിപ്രായങ്ങള്‍ ഒന്നാകെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെയാണ്.

സര്‍ക്കാരിന്റ കൗണ്ടര്‍ എക്‌സ്ട്രീം പ്രൊജക്റ്റിനെ വിമര്‍ശിക്കുന്ന ആളുകള്‍ വ്യാപകമായി ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ് ബ്രിട്ടനില്‍. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, വിവിധ വിഭാഗങ്ങളിലുള്ളവര്‍ തുടങ്ങി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആശയങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം ലക്ഷ്യം വെക്കുന്ന പ്രവണതയാണ് ഇപ്പോഴുണ്ടാകുന്നത്.

നമ്മുടെ സര്‍ക്കാരുകള്‍ക്ക് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഒരു വിധത്തിലുള്ള താത്പര്യവുമില്ല. ഇത്തരം നടപടികളെ വിവേകമില്ലാത്ത നയങ്ങളുടെ മാത്രം പ്രശ്‌നമായി കാണാനാകില്ല. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്നു പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും നേരെയുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ കടന്നുകയറ്റത്തിന്റെ ഏറ്റവും പുതിയ മുഖമാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യു.കെ സര്‍ക്കാരിന്റെ കൗണ്ടര്‍ എക്‌സ്ട്രീമിസം പദ്ധതിയ്ക്ക് തീവ്രവാദ ആശയങ്ങള്‍ ചെറുത്ത് തോത്പിക്കുന്നതുമായി ഒരു ബന്ധവുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ അത് ‘അപകടകരമായ’ ആശയങ്ങളെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയില്ല.

പകരം പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ മെറ്റീരിയല്‍സ് നല്‍കികൊണ്ട് വിദ്യാഭ്യാസ മേഖലയിലും പൗരസമൂഹത്തിലും സ്വതന്ത്രമായി ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനും സംവാദം നടത്താനുമുള്ള തുറന്ന വേദികള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക.

അതാകുമ്പോള്‍ എന്തുകൊണ്ടാണ് വിദ്വേഷപരമായ ആശയങ്ങള്‍ ഉണ്ടാകുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും, ഇതില്‍ തന്നെ പലതും ആഴമേറിയ ഒറ്റപ്പെടലിന്റെയും പ്രത്യാശയില്ലായ്മയുടെയും ഭാഗമായി ഉരുത്തിരിഞ്ഞു വന്നതാണ്.

സ്റ്റേറ്റ് ഇവിടെ റേസിസം, സെക്‌സിസം, ഹോമോഫോബിയ തുടങ്ങിയവയ്‌ക്കെതിരെ നടക്കുന്ന അപകടകരമായ അക്രമത്തെക്കുറിച്ച് പ്രതിപാദിക്കുകയോ അവയെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യുന്നില്ല.

പകരം ദാരിദ്ര്യം, പൊലീസ് ക്രൂരത, തൊഴിലില്ലായ്മ, കുറയുന്ന ക്ഷേമ സേവനങ്ങള്‍ തുടങ്ങി, നമ്മുടെ സമൂഹത്തെ ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളോടുള്ള രാഷ്ട്രീയ പ്രതികരണങ്ങളെ പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.

രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇടങ്ങളെയെല്ലാം ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സമ്പന്നരെ മാത്രം പരിഗണിക്കുകയും ദരിദ്രരെ അവഗണിക്കുകയും ചെയ്യുന്ന മുതലാളിത്ത അനുകൂല നയങ്ങള്‍ മൂലം ദശലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ജനങ്ങളെ ബലിയാടാക്കി വന്‍കിട ബിസിനസുകാരെ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുകയാണ് മുതലാളിത്ത അനുകൂല സര്‍ക്കാര്‍.

സാമൂഹിക ക്ഷേമത്തിനായുള്ള അടിസ്ഥാന ആശയങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക പരിപാലനം തുടങ്ങിയവ ഏറ്റവും കൂടുതല്‍ തുക ലേലം വിളിച്ചവര്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയാണ്.

ടോറികള്‍(കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയിലെ ആളുകളെ വിളിക്കുന്നത്) വിഭാവനം ചെയ്യുന്ന സാമ്പത്തിക തത്വചിന്ത സ്വകാര്യ ലാഭത്തിനായി ഭൂരിപക്ഷത്തിന്റെ ജീവിതത്തെ ഹിതകരമായി ബാധിക്കുന്നതാണ്. ഇത് കൊവിഡ് 19 സമയത്ത് ഒഴിവാക്കാന്‍ സാധിക്കുമായിരുന്ന എണ്ണമറ്റ മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആവശ്യമായ ഫണ്ട് ലഭിക്കാത്തതിന്റെയും ആവശ്യത്തിന് ജോലിക്കാരില്ലാത്തതിന്റെയും എല്ലാം പരിണിത ഫലങ്ങള്‍ എന്‍.എച്ച്.എസ്(ആരോഗ്യമേഖല) അനുഭവിക്കുന്നുണ്ട്. സര്‍ക്കാരാകട്ടെ ജനങ്ങളെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

മഹാസാമ്പത്തിക മാന്ദ്യത്തിന് ശേഷം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നാം നടന്നടുക്കുന്ന സമയത്ത്, ബഹുഭൂരിപക്ഷത്തിന്റെ പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍ മുതലാളിത്തമാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് മനസിലാക്കേണ്ടത്.

അത്തരം സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് അടിയന്തിരമായി ഒരു ബദല്‍ ആവശ്യമാണ്. ക്യാപിറ്റലിസമാണ് തീവ്ര ആശയം, ഞങ്ങള്‍ അതിന്റെ ഇരകളുമാണ്.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മുതലാളിത്ത വിരുദ്ധ ആശയങ്ങള്‍ ഒഴിവാക്കുന്നത് നിരാശജനകമായ ഈ സംവിധാനത്തെ എതിര്‍ക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചും, ദാരിദ്ര്യത്തെക്കുറിച്ചും, സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്ത ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണിത്. സ്റ്റേറ്റ് അതിന്റെ അധികാരം സംരക്ഷിക്കുന്നതില്‍ മാത്രം താത്പര്യപ്പെടുകയാണ്.

അത്രയൊക്കെ പ്രാധാന്യം മാത്രമാണ് ഈ സംവിധാനത്തിനു കീഴില്‍ വിദ്യാഭ്യാസത്തിന് അനുവദിച്ചു കിട്ടുന്നുള്ളൂ.

വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ ഒരു വിധ പരിരക്ഷയും അനുവദിക്കാതെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ യൂണിയന്റെ മുന്നറിയിപ്പുകളെ വകവെക്കാതെയായിരുന്നു ഇത്.

ദേശീയ വിദ്യാഭ്യാസ യൂണിയന്‍ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ ഒരു എഡ്യൂക്കേഷന്‍ റിക്കവറി പ്ലാന്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും അത് പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു.

സര്‍ക്കാരിന്റെ ഏജന്റുമാര്‍

യു.കെയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടയിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. ഒരു സമയം 32 കുട്ടികള്‍ക്ക് വരെ ക്ലാസ് റൂമില്‍ ഇരിക്കാം.

യു.കെയില്‍ ആറിലൊന്ന് സെക്കന്‍ഡറി സ്‌കൂളുകളും കൊവിഡ് പിടിപെടുമോ എന്ന ഭയത്താല്‍ കുട്ടികളെ തിരികെ വീട്ടിലേക്ക് അയക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ജനറല്‍ സെക്രട്ടറി ജിയോഫ് ബാര്‍ട്ടന്‍ പറയുന്നത് സ്‌കൂളുകളും സ്റ്റേറ്റിന്റെ രാഷ്ട്രീയ എജന്റുമാരായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ് എന്നാണ്.

സ്റ്റേറ്റിന് താത്പര്യമുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ മാത്രം സെന്‍സര്‍ ചെയ്ത് വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് നിലിവിലുള്ളത്.

കൂട്ടായ പ്രതിരോധം

അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ താത്പര്യമില്ലാത്തവരാണെന്ന് മുദ്രകുത്തി പ്രതിരോധത്തിന്റെ ശബ്ദമാകുന്നവരെ റെഡ് മാര്‍ക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.

അവര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവരാണെന്നും, പലരും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണെന്ന് വരുത്തിതീര്‍ത്ത് പൊതുജനത്തെയും രക്ഷിതാക്കളെയും തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സ്റ്റേറ്റിന്റെ കൗണ്ടര്‍ എക്‌സ്ട്രീമിസം അജണ്ട തടയണമെന്നാണ് ദേശീയ വിദ്യാഭ്യാസ യൂണിയനിലെ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് പ്രത്യേകിച്ചു മുസ്‌ലിം വിഭാഗക്കാരെ ഉന്നം വെക്കുന്നതും പൗര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുന്നതുമാണെന്നും ഇവര്‍ പറയുന്നു.

സര്‍ക്കാര്‍ ജനങ്ങളെ അവഗണിക്കുന്നത് തുടരുമ്പോള്‍ കൂട്ടായ ചെറുത്തു നില്‍പ്പിനുള്ള അവസരവും വളരുകയാണ്. ലക്ഷക്കണക്കിന് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആക്റ്റിവിസ്റ്റുകള്‍, തുടങ്ങിയവര്‍ സ്റ്റേറ്റിന്റെ കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രൊജക്റ്റ് എതിര്‍ത്തവരാണ്. സ്റ്റേറ്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നവരുടെ പട്ടിക അനുദിനം വളരുകയാണ്.

രാജ്യത്ത് ആശയക്കുഴപ്പവും ഭയവും വിതക്കുന്നതിന് പകരം സര്‍ക്കാര്‍ രാജ്യത്തെ കാര്‍ന്നു തിന്നുന്ന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടായ പ്രതിഷേധം സംഘടിപ്പിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് ആലോചിച്ചൂ നോക്കൂ.

പരിഭാഷ: ശ്രിന്‍ഷരാമകൃഷ്ണന്‍

കടപ്പാട്: മിഡില്‍ ഈസ്റ്റ് ഐ

Content Highlight: First they came for the Muslims, then the anti capitalist

 

മാലിയ ബവാട്ടിയ
വിദ്യാഭ്യാസ പ്രവര്‍ത്തക