ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെയാണ് മമിത ബിഗ് സ്‌ക്രീനില്‍ തന്റെ സാന്നിധ്യമറിയിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും മമിത ആരാധകരെ സ്വന്തമാക്കി. പ്രേമലുവിന് ശേഷം അന്യഭാഷയില്‍ നിന്ന് കൈനിറയെ അവസരങ്ങളാണ് മമിതക്ക് ലഭിക്കുന്നത്.
പ്രദീപ് രംഗനാഥന്റെ നായികയായി മമിത വേഷമിടുന്ന പുതിയ ചിത്രമാണ് ഡ്യൂഡ്. നവാഗതനായ കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. റോം കോം ഴോണറിലൊരുങ്ങുന്ന ചിത്രമാണെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.
സായ് അഭ്യങ്കര്‍ ഈണമിട്ട ഗാനത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് മമിത പ്രത്യക്ഷപ്പെട്ടത്. പാല്‍ ഡബ്ബയുടെ റാപ്പ് പോര്‍ഷനും കുറച്ച് മെലഡി പോര്‍ഷനുമൊക്കെയായി മികച്ച രീതിയിലാണ് സായ് അഭ്യങ്കര്‍ ‘ഊറും ബ്ലഡ്’ എന്ന ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രദീപ് രംഗനാഥന്‍- മമിത കോമ്പോ തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. ഇതുവരെ കാണാത്ത ഫ്രഷ് കോമ്പോ പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്കാകുമെന്ന് തന്നെയാണ് പ്രതീക്ഷ. റോം കോം സിനിമകള്‍ ചെയ്ത് തമിഴില്‍ തന്റേതായ സ്ഥാനം നേടിയ പ്രദീപിനൊപ്പം മമിതയും ഒന്നിക്കുമ്പോള്‍ മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ശരത് കുമാര്‍, ഹൃദു ഹാറൂണ്‍, രോഹിണി, ഐശ്വര്യ ശര്‍മ, ദ്രാവിഡ് ശെല്‍വം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പുഷ്പ, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം ദീപവലി റിലീസായാണ് ഡ്യൂഡ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ നാല് തമിഴ് സിനിമകളുടെ തിരക്കിലാണ് മമിത. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് നായകനാകുന്ന ജന നായകന്‍, വിഷ്ണു വിശാലിന്റെ ഇരണ്ട് വാനം, സൂര്യ 46 എന്നിവയാണ് മമിതയുടെ തമിഴ് ലൈനപ്പ്. ഭാഷാതിര്‍ത്തികള്‍ കടന്ന് പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് മമിതയിപ്പോള്‍.
Content Highlight: First single from Dude movie starring Mamitha Baiju and Pradeep Ranganatham out