ഷിപ്പ് ട്രാക്കിങ് ഡാറ്റ പ്രകാരം, വെള്ളി രാത്രി മുതല്‍ ശനി പുലര്‍ച്ചെ വരെയുള്ള സമയത്തിനിടയിലാണ് ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് കടന്നത്. ശനിയാഴ്ച ഉച്ചയോടെ ടാങ്കര്‍ ഒമാന്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചിരുന്നു.
മാര്‍ച്ച് ആദ്യം മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ കപ്പലാണിത്. നിലവില്‍ 15 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഈ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂടാതെ, ഇന്ത്യയിലേക്കുള്ള ചരക്കുകളുമായി എത്തിയ വിദേശ കപ്പലുകളും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, ആവശ്യമായ എല്‍.പി.ജിയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 85-90 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയില്‍ എല്‍.പി.ജി വിതരണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി വിതരണം നേരത്തെ വെട്ടിക്കുറച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് 70 ശതമാനത്തോളം പുനഃസ്ഥാപിച്ചിട്ടുണ്ട്.
എല്‍.പി.ജി വിതരണം സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മാത്രം 51.5 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്തതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുന്നുണ്ടെന്നും ഷിപ്പിങ് മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് നാവികരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇതുവരെ രണ്ടായിരത്തിലധികം നാവികരെ തിരികെയെത്തിച്ചിട്ടുണ്ട്. സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പറുകളും സജ്ജമാണ്.
Content Highlight: First LPG tanker carrying Indian flag passes through Strait of Hormuz after US-Iran ceasefire