ഹൃത്വിക്കിന് പിന്നാലെ ഫൈറ്ററിലെ ദീപികയുടെ ലുക്കുമെത്തി; സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്നിയായി ദീപിക പദുക്കോണ്‍; പോസ്റ്റര്‍
Entertainment news
ഹൃത്വിക്കിന് പിന്നാലെ ഫൈറ്ററിലെ ദീപികയുടെ ലുക്കുമെത്തി; സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്നിയായി ദീപിക പദുക്കോണ്‍; പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th December 2023, 6:56 pm

ബോളിവുഡ് ആക്ഷന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷന്‍ – ദീപിക പദുക്കോണ്‍ ഒന്നിക്കുന്ന ഏരിയല്‍ ആക്ഷന്‍ സിനിമയായ ഫൈറ്റര്‍ 2024 ജനുവരി 25നാകും റിലീസിനെത്തുന്നത്.

ത്രീഡിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഹൃത്വിക് റോഷന്‍ ചിത്രമാണ് ഇത്. ഇന്നലെയാണ് ഫൈറ്ററിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ സിനിമയുടെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവന്നു.

ആദ്യ പോസ്റ്ററില്‍ എയര്‍ഫോഴ്‌സ് യൂണിഫോമില്‍ നില്‍ക്കുന്ന ഹൃത്വിക്കിന്റെ ഫോട്ടായായിരുന്നു ഉണ്ടായിരുന്നത്. പുതിയ ഫോട്ടോയില്‍ നായികയായ ദീപിക പദുക്കോണിന്റെ ഫോട്ടായാണുള്ളത്. ദീപിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇത് പുറത്തുവിട്ടത്.

View this post on Instagram

A post shared by दीपिका पादुकोण (@deepikapadukone)

ഷംഷേര്‍ പതാനിയ അഥവാ പാറ്റിയെന്ന കഥാപാത്രമായാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. എയര്‍ഫോഴ്‌സിലെ സ്‌ക്വാഡ്രണ്‍ പൈലറ്റാണ് ഹൃത്വിക്കിന്റെ കഥാപാത്രം. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനല്‍ റാത്തോഡ് അഥവാ മിന്നിയെന്ന കഥാപാത്രമായാണ് ദീപികയെത്തുന്നത്.

ഈയിടെ ഷാരൂഖ് ഖാനെ നായകനാക്കി പത്താന്‍ സിനിമ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദാണ് ഫൈറ്ററും സംവിധാനം ചെയ്യുന്നത്. ഹൃത്വിക്കിനെയും ദീപികയെയും കൂടാതെ, ഫൈറ്ററില്‍ അനില്‍ കപൂറും അഭിനയിക്കുന്നുണ്ട്.

അതേസമയം, ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദും നായകനായ ഹൃത്വിക് റോഷനും ഒന്നിക്കുന്ന മറ്റൊരു ചിത്രമായ ‘വാര്‍’ന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഈ സ്‌പൈ-ത്രില്ലര്‍ ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം ജൂനിയര്‍ എന്‍.ടി.ആറും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: First Look Of Deepika Padukone In Fighter Movie Is Out Now