ചരിത്രത്തിലാദ്യം; ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവെച്ച് കേരളം
Kerala
ചരിത്രത്തിലാദ്യം; ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവെച്ച് കേരളം
രാഗേന്ദു. പി.ആര്‍
Friday, 23rd January 2026, 7:55 pm

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ലോക സാമ്പത്തിക ഫോറത്തില്‍ നിന്നും നിക്ഷേപം സമാഹരിക്കാന്‍ ഒരുങ്ങി കേരളം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വെച്ച് 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവെച്ചതായി സംസ്ഥാന വ്യവസായിക മന്ത്രി പി. രാജീവ് അറിയിച്ചു.

അമേരിക്ക, യു.കെ, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടിരിക്കുന്നത്. മെഡിക്കല്‍ ടെക്‌നോളജി വ്യവസായം, റിന്യൂവബിള്‍ എനര്‍ജി, ഡാറ്റാ സെന്റര്‍, എമര്‍ജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ 27 കമ്പനികളാണ് താത്പര്യപത്രങ്ങളില്‍ ഒപ്പുവെച്ചത്.

മൂന്ന് ദിവസം കൊണ്ട് 67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു. താത്പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പിട്ട താത്പര്യപത്രങ്ങളില്‍ നൂറിലധികം കമ്പനികളും നിര്‍മാണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

കൂടാതെ, ഇ.എസ്.ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികള്‍ അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം 449 താത്പര്യപത്രങ്ങളാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പുവച്ചത്. ടൂറിസം, ഭക്ഷ്യസംസ്‌കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മാണം, ഐ.ടി/ഐ.ടി അധിഷ്ഠിത വ്യവസായങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത്‌കെയര്‍, ആയുര്‍വേദ ആന്‍ഡ് വെല്‍നെസ് തുടങ്ങിയ മേഖലകളിലാണ് താത്പര്യപത്രങ്ങള്‍ ഒപ്പിട്ടത്.

ഇതില്‍ 104 നിക്ഷേപ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചതായി മന്ത്രി ഡിസംബറില്‍ പറഞ്ഞിരുന്നു. നിക്ഷേപവാഗ്ദാനങ്ങളില്‍ 23.16 ശതമാനവും യഥാര്‍ത്ഥ നിക്ഷേപമായി പരിണമിച്ചുവെന്നും പി. രാജീവ് വ്യക്തമാക്കിയിരുന്നു.

Content Highlight: First in history; Kerala signs investment MoU worth Rs 1.18 lakh crore at World Economic Forum

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.