രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി ഹൈക്കോടതിയില്‍
Kerala
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി ഹൈക്കോടതിയില്‍
രാഗേന്ദു. പി.ആര്‍
Wednesday, 21st January 2026, 8:39 am

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എം.എല്‍.എക്കെതിരായ ആദ്യ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് (ബുധന്‍) പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുടെ നീക്കം.

മറുപടി സത്യവാങ്മൂലത്തിലാണ് പരാതിക്കാരി എം.എല്‍.എയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.

ഭീഷണിപ്പെടുത്തി തന്റെ നഗ്‌ന വീഡിയോ ചിത്രീകരിച്ച രാഹുല്‍, ജാമ്യത്തിലിറങ്ങിയാല്‍ ആ വീഡിയോ പുറത്തുവിടുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരി പറയുന്നു.

പ്രതി ഒരു സാഡിസ്റ്റാണെന്നും മനോവൈകൃതമുള്ളയാളാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുള്ള യുവതിയുടെ പരാതിയില്‍ നേമം പൊലീസാണ് രാഹുലിനെതിരെ കേസെടുത്തത്. പിന്നാലെ തിരുവനന്തപുരം സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇതിനെതിരെ രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി രാഹുലിന്റെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

2025 നവംബര്‍ 27നാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയും യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ ജയിലില്‍ കഴിയുകയാണ്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിച്ച കോടതി രാഹുലിന്റെ ജാമ്യം നിഷേധിക്കുകയായിരുന്നു.

പത്തനംതിട്ട തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്റെ ജാമ്യഹരജി തള്ളിയത്. ജഡ്ജി അരുന്ധതി ദിലീപാണ് ജാമ്യം നിഷേധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. മാവേലിക്കര ജയിലിലാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

14 ദിവസമാണ് റിമാന്‍ഡിന്റെ കാലാവധി. ഈ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരം ഉള്‍പ്പെടെ അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.

Content Highlight: First complainant files complaint in Highcourt against Rahul’s anticipatory bail

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.