'ആ വാചകങ്ങള്‍ക്ക് എന്റെയുള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്' മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യത്തില്‍ അതിജീവിത
Kerala
'ആ വാചകങ്ങള്‍ക്ക് എന്റെയുള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്' മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യത്തില്‍ അതിജീവിത
രാഗേന്ദു. പി.ആര്‍
Monday, 12th January 2026, 8:44 pm

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ സത്യാഗ്രഹ സമര വേദിയിലെ മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിക്കാരി. ‘Love you to moon and back’ എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയെ ഇന്ന് (തിങ്കള്‍) സമര വേദിയില്‍ കാണപ്പെട്ടത്.

ഇതിനുപിന്നാലെയാണ് അതിജീവിതയുടെ പ്രതികരണം. ‘ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്,’ എന്നാണ് അതിജീവിത പറഞ്ഞത്.

കഴിഞ്ഞ ദിവസം മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ അതിവൈകാരികമായി അതിജീവിത പ്രതികരിച്ചിരുന്നു.

തെറ്റായ ഒരാളെ കുഞ്ഞുങ്ങളുടെ അച്ഛനാകാന്‍ തെരഞ്ഞെടുത്തതിന് മാലാഖ കുഞ്ഞുങ്ങള്‍ ക്ഷമിക്കട്ടെ എന്ന് അതിജീവിത സമൂഹ മാധ്യമങ്ങളില്‍ കുറിക്കുകയായിരുന്നു. രാഹുലിന്റെ അറസ്റ്റില്‍ നന്ദി പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ പ്രതികരണം.

‘തെറ്റായ ഒരാളെ കുഞ്ഞുങ്ങളുടെ അച്ഛനാകാന്‍ തെരഞ്ഞെടുത്തതിന് മാലാഖ കുഞ്ഞുങ്ങള്‍ ക്ഷമിക്കട്ടെ. ലോകം കേള്‍ക്കാതെ പോയ നിലവിളി ദൈവം കേട്ടു. ഞങ്ങളുടെ കണ്ണീര്‍ സ്വര്‍ഗത്തില്‍ എത്തുന്നുണ്ടെങ്കില്‍ ഇതുപറയട്ടെ. ഭയത്തില്‍ നിന്നും അവര്‍ മുക്തരാകട്ടെ. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ല. നിങ്ങളുടെ അസ്ഥിത്വത്തിനും ആത്മാവിനും വിലയുണ്ട്. അമ്മമാര്‍ നിങ്ങളെ ഹൃദയത്തില്‍ വഹിക്കും,’ എന്നായിരുന്നു യുവതിയുടെ പോസ്റ്റ്.

ഇംഗ്ലീഷിലായിരുന്നു അതിജീവിതയുടെ വൈകാരിക കുറിപ്പ്. ഇതിലെ ‘Kunjatta… Amma loves you to moon and back’ എന്ന വരിയാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൈയിലുണ്ടായിരുന്ന കപ്പിലെഴുതിയിരുന്ന വാചകം. നിലവില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Content Highlight: First complainant against Rahul Mamkootathil responds in solidarity of CM

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.