കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ആദ്യ കളര്‍ വീഡിയോ. എ.കെ.ജി, ഇ.എം.എസ്, ഗൗരിയമ്മ, ജ്യോതിബസു, അഹല്യ രംഗനേക്കര്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ആദ്യ കളര്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മലെ ചിത്രീകരിച്ച് 1969ല്‍ ഫ്രഞ്ച് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത് വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ പിന്നെയും 13 വര്‍ഷം കഴിഞ്ഞ് 1982ലാണ് കളര്‍ ടെലിവിഷനുകളെത്തിയത്. അത് കൊണ്ടാണ് ഈ വീഡിയോ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ആദ്യ കളര്‍ വീഡിയോയായി കണക്കാക്കുന്നത്. എ.കെ.ജിയുടെ കളര്‍ വീഡിയോ ഇതല്ലാതെ വേറെ ലഭ്യമല്ല എന്നതും ഇതാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ആദ്യ കളര്‍ വീഡിയോ എന്ന വാദത്തിന് ബലം നല്‍കുന്നു. കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പുറമെ സി.എച്ചിനെയും ഈ വിഡിയോയില്‍ കാണിക്കുന്നുണ്ട്.
57 വര്‍ഷം മുമ്പാണ് ലൂയി മലെ ഇന്ത്യയിലെത്തി ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയെ കുറിച്ചുള്ള ഏഴ് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലെ ഡ്രീ ആന്റ് റിയാലിറ്റി എന്ന് പേരിട്ട നാലാം ഭാഗത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളുടെയും സി.എച്ചിന്റെയും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ അക്കാലത്ത ദൃശ്യങ്ങളും സമരത്തിന്റെ ദൃശ്യങ്ങളും കളര്‍ ഫോര്‍മാറ്റില്‍ ഊ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇം.എം.എസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയുടെ കാലത്താണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. വീഡിയോയില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്, മന്ത്രിമാരായ കെ.ആര്‍.ഗൗരിയമ്മ, സി.എച്ച്. മുഹമ്മദ് കോയ എന്നിവര്‍ സംസാരിക്കുന്നുണ്ട്.
എ.കെ.ജിയും ജ്യോതി ബസുവും മഹാരാഷ്ട്രയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന അഹല്യ രംഗനേക്കറും ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന കര്‍ഷകറാലിയും ഈ വിഡിയോയില്‍ കളര്‍ ഫോര്‍മാറ്റിലുണ്ട്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ കുറിച്ചും പിളര്‍പ്പിന് ശേഷം രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരണം നടത്തിയതിനെ കുറിച്ചും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണമായത് എന്ന വാദത്തെ ഇ.എം.എസ്. ഉള്‍പ്പടെയുള്ള നേതാക്കള്‍ തള്ളിക്കളയുന്നുണ്ട്.
എ.കെ.ജിയും ജ്യോതി ബസുവും ഇക്കാര്യത്തില്‍ ഇ.എം.എസിന്റെ വാദത്തെ ശരിവെക്കുന്നുണ്ട്. ഗൗരിയമ്മയും ഭര്‍ത്താവ് ടി.വി. തോമസും രണ്ട് പാര്‍ട്ടിയിലായതിനെ കുറിച്ച് ചിരിച്ച് കൊണ്ട് സംസാരിക്കുന്ന ഗൗരിയമ്മയെയും വീഡിയോയില്‍ കാണാം.
മാര്‍ക്‌സിസ്റ്റുകളും മാര്‍ക്‌സിസ്റ്റ് ഇതരരും ചേര്‍ന്ന് ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മന്ത്രിസഭയാണ് തന്റേതെന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇ.എം.എസ് ഈ വീഡിയോയില്‍ പറയുന്നു.
നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ കുറിച്ച് വീഡിയോയില്‍ ജ്യോതിബസുവും എ.കെ.ജിയും സംസാരിക്കുന്നുണ്ട്. നക്‌സല്‍ബാരി ഉയര്‍ത്തിയത് കര്‍ഷക പ്രശ്‌നങ്ങളായിരുന്നു എന്നതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ആ രീതി തുടര്‍ന്നിരുന്നെങ്കില്‍ പാര്‍ട്ടി തകരുമായിരുന്നു എന്നുമാണ് ജ്യോതി ബസു പറയുന്നത്. ചില നേതാക്കള്‍ നക്‌സല്‍ബാരി മുന്നേറ്റങ്ങളെ വഴിതിരിച്ചുവിട്ടെന്നും ജ്യോതിബസു പറയുന്നുണ്ട്. എ.കെ.ജിയും ഇത് ശരിവെക്കുന്നു.
കര്‍ഷകപ്രക്ഷോഭം എന്ന നിലയില്‍ നിന്ന് അധികാരം പിടിക്കാനുള്ള സമരം എന്ന നിലയിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോളാണ് നക്‌സല്‍ബാരി മുന്നേറ്റങ്ങള്‍ പൊളിഞ്ഞതെന്നും നേതാക്കള്‍ പറയുന്നു. ജനങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നും സായുധ പോരാട്ടത്തിന് അവര്‍ ഒരുക്കമല്ലെന്നും അഹല്യ രംഗനേക്കര്‍ പറയുന്നു.
ഈ രീതിയില്‍ ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് നേതാക്കളുടെ അപൂര്‍വ വീഡിയോയാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. അപ്ഫ്രണ്ട് സ്റ്റോറീസ് എന്ന യുട്യൂബ് ചാനല്‍ ഇതിന്റെ മലയാള ശബ്ദരേഖ ഉള്‍പ്പടെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
content highlights: AKG to Ahalya Ranganekar; First color video of Indian communist leaders as discussion