ഐ.പി.എല്ലില്‍ മെക്കല്ലം, ഡബ്ല്യു.പി.എല്ലില്‍ സിവര്‍ ബ്രണ്ട്; രണ്ട് കന്നി സെഞ്ച്വറിയിലും ഒരേയൊരു ഇര
Cricket
ഐ.പി.എല്ലില്‍ മെക്കല്ലം, ഡബ്ല്യു.പി.എല്ലില്‍ സിവര്‍ ബ്രണ്ട്; രണ്ട് കന്നി സെഞ്ച്വറിയിലും ഒരേയൊരു ഇര
ഫസീഹ പി.സി.
Tuesday, 27th January 2026, 12:36 pm

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം ഒരു ചരിത്രം നിമിഷത്തിന് കൂടിയാണ് വേദിയായത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി കുറിക്കപ്പെട്ടത് ഈ മത്സരത്തിലാണ്. അതാകട്ടെ സ്വന്തമാക്കിയത് മുംബൈ താരം നാറ്റ് സിവര്‍ ബ്രണ്ടും.

വഡോദരയില്‍ നടന്ന മത്സരത്തില്‍ ബ്രണ്ട് 57 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് സ്‌കോര്‍ ചെയ്താണ് ആദ്യ ടണ്‍ സ്വന്തം പേരിലാക്കിയത്. ഒരു സിക്സും 16 ഫോറുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

നാറ്റ് സിവർ ബ്രണ്ട്. Photo: Mumbai Indians/x.com

ഡബ്ല്യു.പി.എല്ലിലെ ആദ്യ സെഞ്ച്വറി പിറന്നതോടെ ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയും ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന കിവി ഇതിഹാസം ബ്രണ്ടന്‍ മെക്കല്ലമാണ് ഐ.പി.എല്ലിന്റെ കന്നി സെഞ്ചൂറിയന്‍. 2008ല്‍ 73 പന്തില്‍ പുറത്താവാതെ 158 റണ്‍സെടുത്താണ് താരം ടൂര്‍ണമെന്റിലെ ആദ്യ ഡ്രിപ്പില്‍ ഡിജിറ്റ് കുറിച്ചത്.

ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി ഒന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പിറന്നിരുന്നു. എന്നാല്‍, ഡബ്ല്യു.പി.എല്ലിലെ കന്നി സെഞ്ച്വറിക്കായി നാലാം സീസണിലെ 16ാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. അതിനടിയില്‍ 82 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ കടന്ന് പോയത്.

2008 ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന ബ്രെണ്ടൻ മെക്കല്ലം. Photo: Tanuj/x.com

അങ്ങനെയൊക്കെയാണെങ്കിലും ഈ രണ്ട് സെഞ്ച്വറികളും തമ്മില്‍ ഒരു സാമ്യതയുണ്ട്. ഈ കന്നി സെഞ്ച്വറികള്‍ പിറക്കുമ്പോള്‍ ഐ.പി.എല്ലിലും ഡബ്ല്യു.പി.എല്ലിലും മറുവശത്തുണ്ടായിരുന്നത് ഒരേ ടീമായിരുന്നു എന്നതാണ് ഏറെ കൗതുകം. 2008ലും ഇപ്പോള്‍ 2026ലും എതിരാളികളായി ഉണ്ടായിരുന്നത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്.

ഇതിനും പുറമെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ സെഞ്ച്വറികള്‍ക്ക്. മറ്റൊന്നുമല്ല, രണ്ട് ടൂര്‍ണമെന്റിലെയും സെഞ്ചൂറിയന്മാരും വിദേശികളാണ് എന്നതാണ് അത്. കൂടാതെ, ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത താരങ്ങള്‍ ഇരുവരും നോട്ട് ഔട്ടായിരുന്നു എന്നതും കൗതുകമുണര്‍ത്തുന്നതാണ്.

 

Content Highlight: First century of IPL by Brendon McCullum and WPL’s maiden century by Nat Sciver Brunt are against RCB

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി