വെറും മൂന്ന് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധിപ്പെട്ടിരുന്നു. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ സിനിമകൾ പോത്തൻ സംവിധാനം ചെയ്തു.
സംവിധായകനിൽ നിന്ന് നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നായിരുന്നു. ഇതിനോടകം നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ താൻ ആദ്യമായി കണ്ട സിനിമ ഷൂട്ടിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘കോട്ടയത്ത് നടന്ന മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ ഷൂട്ടിങ് ആയിരുന്നു ആദ്യമായി കണ്ടത്. ബന്ധു വീടിന്റെ അടുത്തായിരുന്നു ഷൂട്ടിങ്. ഒരു ദിവസം ഒരു സ്ഥലത്തേക്ക് പോകാമെന്ന് പറഞ്ഞ് എന്നെ കൂട്ടിക്കോണ്ട് പോകുകയായിരുന്നു.
അവിടെ ചെന്നിട്ട് എന്നോട് പപ്പ പറഞ്ഞു ‘എടാ അപ്പുറത്തെ വീട്ടിൽ ഒരു സിനിമാ ഷൂട്ടിങ് നടക്കുന്നുണ്ട്. നീ പോയി കണ്ടോ’ എന്ന്. പഠനത്തിൽ ഉഴപ്പും എന്നുള്ളത് കൊണ്ട് എന്റെ സിനിമാപ്രേമത്തിന് എതിരായിരുന്ന പപ്പ ഷൂട്ടിങ് കാണിക്കാൻ കൊണ്ടുപോയത് എനിക്ക് സന്തോഷമുണ്ടാക്കി. അങ്ങനെ ആ വീടിന്റെ മതിലിൽ വലിഞ്ഞുകയറിയിരുന്ന് പകൽ മുഴുവൻ ഷൂട്ടിങ് കണ്ടു. ഉർവശി തിയേറ്റേഴ്‌സ് എന്ന വീട്ടിലെ രംഗങ്ങളായിരുന്നു അവിടെ ചിത്രീകരിച്ചത്,’ ദിലീഷ് പോത്തൻ പറഞ്ഞു.
പിന്നീട് താൻ മൈസൂരുവിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ലാൽജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കണ്ടുവെന്നും അന്ന് യാദൃച്ഛികമായി ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചുവെന്നും അദ്ദേഹം പറയുന്നു.
ഒരു സിനിമാ സെലിബ്രിറ്റിക്കൊപ്പം ആദ്യമായി ഫോട്ടോയെടുത്തത് സംയുക്താ വർമക്കൊപ്പം ആയിരുന്നെന്നും ദിലീഷ് പോത്തൻ പറഞ്ഞു.
Content Highlight: First celebrity photo taken with Samyuktha Varma says Dileesh Pothan