'മാതൃകാ പുരുഷന്‍ നിവിന്‍ പോളി' അവന്റെ ആ ഉത്തരം എനിക്ക് മ്ലേച്ഛമായി തോന്നി: ഫിറോസ് ഖാന്‍
Film News
'മാതൃകാ പുരുഷന്‍ നിവിന്‍ പോളി' അവന്റെ ആ ഉത്തരം എനിക്ക് മ്ലേച്ഛമായി തോന്നി: ഫിറോസ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 5:21 pm

മലയാളികള്‍ക്ക് പരിചിതനായ ടെലിവിഷന്‍ ഷോ അവതാരകനും നടനുമാണ് ഫിറോസ് ഖാന്‍. ടെലിവിഷന്‍ ഷോകളുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഫേസ് റ്റു ഫേസ് എന്ന സിനിമയിലും ഫിറോസ് അഭിനയിച്ചിരുന്നു.

പിന്നീട് നിരവധി ഷോകളുടെ അവതാരകനായ അദ്ദേഹത്തെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് കൂടുതല്‍ പേര്‍ക്കും പരിചയം. ഇപ്പോള്‍ നടന്മാരെ അവരുടെ ഹാര്‍ഡ് വര്‍ക്കിന് പകരം അവര്‍ ചെയ്ത കഥാപാത്രങ്ങളെ വെച്ച് മാതൃകാ പുരുഷന്മാരായി കാണുന്നതിനെ കുറിച്ച് പറയുകയാണ് ഫിറോസ് ഖാന്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈയിടെ വളരെ രസകരമായ ഒരു അനുഭവം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഷൂട്ടിന്റെ ഭാഗമായി ഒരു കോളേജില്‍ പോയതായിരുന്നു. അവിടെ വെച്ച് ഒരു പയ്യനോട് ‘മോനേ നിന്നെ ഇന്‍സ്‌പെയര്‍ ചെയ്ത നിന്റെ മാതൃകാ പുരുഷന്‍ ആരാണ്’ എന്ന് ചോദിച്ചു.

അവന്‍ സൈക്കോളജിയോ മറ്റോ പഠിക്കുന്നവനായിരുന്നു. ചോദ്യം കേട്ടയുടനെ അവന്‍ പറഞ്ഞത് നിവിന്‍ പോളി എന്നായിരുന്നു. ചിരിച്ചു ചിരിച്ച് എന്റെ ഊപ്പാട് ഇളകി. എന്ത് മ്ലേച്ഛമായ ഉത്തരമാണ് അവന്‍ പറഞ്ഞത്. ഇന്‍സ്‌പെയര്‍ ചെയ്ത ആള്‍ ആരാണെന്ന ചോദ്യത്തിനാണ് നിവിന്‍ പോളിയെന്ന് പറയുന്നത്.

വേറെ ഏതെങ്കിലും സയന്റിസ്റ്റുകളെയോ ഗാന്ധിജിയെ മറ്റോ ആയിരിക്കും പറയുക എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ എന്റെ മനസില്‍ സെലിബ്രീറ്റീസായി കാണുന്നത് നടന്മാരെയല്ല. ഞാന്‍ കാണുന്നത് സയന്റിസ്റ്റുകളെയും ലോകത്തിന് ഓരോ കാര്യങ്ങള്‍ സംഭാവന ചെയ്ത ആളുകളെയുമാണ്.

കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നത് അത്തരം ആളുകളുടെ കൂടെയാണ്. നിവിന്‍ പോളിയോട് അങ്ങനെ തോന്നാന്‍ കാരണം എന്താണെന്ന് ഞാന്‍ ആ പയ്യനോട് ചോദിച്ചിരുന്നു.

പ്രേമം സിനിമയും അത്തരത്തിലുള്ള കഥാപാത്രങ്ങളും ഇന്‍സ്‌പെയര്‍ ചെയ്തത് കൊണ്ടാണ് തോന്നിയത് എന്നായിരുന്നു ആ പയ്യന്റെ മറുപടി. അയാള്‍ ചെയ്ത കഥാപാത്രങ്ങളെ വെച്ചിട്ടായിരുന്നു അവന് ആരാധന തോന്നിയത്. അതുകൊണ്ടാണ് മാതൃകാ പുരുഷനായി തോന്നാന്‍ കാരണമെന്നാണ് പറഞ്ഞത്.

എനിക്ക് അത് മ്ലേച്ഛമായിട്ടുള്ള ഉത്തരമായിട്ടാണ് തോന്നിയത്. നിവിന്‍ പോളിയോടുള്ള ദേഷ്യം കൊണ്ടല്ല ഞാന്‍ അത് പറഞ്ഞത്. നിവിനിന്റെ സ്ഥാനത്ത് വേറെ ഏത് കലാകാരന്റെ പേര് പറഞ്ഞാലും എനിക്ക് അങ്ങനെ തന്നെ തോന്നിയേനേ.

കഥാപാത്രങ്ങള്‍ കണ്ടിട്ട് ഇന്‍സ്‌പെയര്‍ ആയെന്ന് പറയുന്നതിലാണ് കുഴപ്പം. അയാളുടെ ഹാര്‍ഡ് വര്‍ക്ക് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെങ്കില്‍ കുഴപ്പമില്ല. കഥാപാത്രങ്ങള്‍ കണ്ടിട്ട് ഇഷ്ടമായെന്ന് ഇത്രയും വിദ്യാഭ്യാസമുള്ള ഒരു പയ്യന്‍ പറയുമ്പോള്‍ പുച്ഛമാണ് തോന്നിയത്.

എനിക്ക് നിവിന്‍ പോളിയോട് ഒരു ദേഷ്യവുമില്ല കേട്ടോ. ആ പയ്യന്‍ നിവിന് പകരം മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ രജിനികാന്തിനെയോ പറഞ്ഞിരുന്നെങ്കില്‍ പോലും എനിക്ക് അങ്ങനെ തന്നെ തോന്നിയേനേ,’ ഫിറോസ് ഖാന്‍ പറയുന്നു.


Content Highlight: Firoz Khan Talks About Seeing Actors As Role Models For The Characters They Play