നവി മുംബൈയില്‍ തീപിടിത്തം; മൂന്ന് പേരടങ്ങുന്ന മലയാളി കുടുംബത്തിന് ദാരുണാന്ത്യം
India
നവി മുംബൈയില്‍ തീപിടിത്തം; മൂന്ന് പേരടങ്ങുന്ന മലയാളി കുടുംബത്തിന് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 11:35 am

മുംബൈ: മഹാരാഷ്ട്ര നവി മുംബൈയിലെ കെട്ടിടത്തില്‍ തീപിടിച്ച് നാല് മരണം. രഹേജ റെസിഡന്‍സി ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. ഇന്നലെ (തിങ്കള്‍) രാത്രിയോടെ വാഷിയിലെ ഒരു കോംപ്ലക്‌സിലാണ് അപകടമുണ്ടായത്.


കെട്ടിടത്തിന്റെ പത്താം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് 11, 12 നിലകളിലേക്ക് തീ പടരുകയായിരുന്നു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സുന്ദര്‍ ബാലകൃഷ്ണന്‍, പൂജ രാജന്‍, ഇരുവരുടെയും മകള്‍ വേദിക എന്നിവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ 14 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 84 കാരിയായ കമലാ ഹിരാള്‍ ജെയിനാണ് മരിച്ചവരില്‍ നാലാമത്തെയാള്‍.

അപകടം നടന്ന് 20 മിനിറ്റിനുള്ളില്‍ തന്നെ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയത് വലിയ അപകടം ഒഴിവാക്കി. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.


തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡിലുണ്ടായ ഒരു തീപിടിത്തത്തില്‍ അഞ്ച് വയസുകാരന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Fire breaks out in Navi Mumbai; Tragic end for Malayali family of three