കുവൈത്തിലെ ഫ്ളാറ്റില്‍ തീപിടിത്തം; ആറ് തൊഴിലാളികള്‍ മരിച്ചു
national news
കുവൈത്തിലെ ഫ്ളാറ്റില്‍ തീപിടിത്തം; ആറ് തൊഴിലാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st June 2025, 7:55 pm

സാല്‍മിയ: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണം ആറായി. മരണസംഖ്യ ഉയര്‍ന്നതായി കുവൈത്ത് ഫോര്‍ ഫോഴ്‌സിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-ഗരിബ് സ്ഥിരീകരിച്ചു.

തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് ചാടിയ മൂന്ന് പേര്‍ ഉള്‍പ്പെടെയാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തിന് പിന്നാലെ 15 പേര്‍ക്കാണ് പരിക്കേറ്റത്.

കുവൈത്തിലെ അല്‍ റഖി മേഖലയില്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഫ്ളാറ്റിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. വിവിധ മേഖലകളിലെ അഗ്‌നിശമനാ സേനാംഗങ്ങള്‍ എത്തിയാണ് കെട്ടിടത്തിലെ തീയണച്ചത്.

മരിച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ വംശജരാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജനറല്‍ മുഹമ്മദ് അല്‍-ഗരിബ് അറിയിച്ചു.

അപകടത്തില്‍ കൂടുതല്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു. മരണപ്പെട്ടവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2024 ജൂണ്‍ 12ന് കുവൈത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേരുടെ മരണത്തിന് കാരണമായ തീപിടിത്തമുണ്ടായിരുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതായിരുന്നു ഫ്ളാറ്റ്.

46 ഇന്ത്യക്കാരാണ് തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തില്‍ മരണപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ 17 പേര്‍ കെട്ടിടത്തിന് പുറത്തായിരുന്നു. മരിച്ചവര്‍ 46 പേരും 20നും 50നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

അപകടത്തിന് പിന്നാലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കുവൈത്തിലെ മൊത്തം ജനസംഖ്യയില്‍ 21% ഇന്ത്യക്കാരും ഇന്ത്യന്‍ പ്രവാസികളില്‍ 50 ശതമാനം ആളുകള്‍ കേരളത്തില്‍ നിന്നുള്ളവരുമാണെന്നാണ് പറയുന്നത്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 15000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും 2025 മെയ് 14ന് മൂന്ന് പ്രതികള്‍ക്ക് കഠിന തടവും വിധിച്ചിരുന്നു.

മനഃപൂര്‍വമല്ലാത്ത നരഹത്യയിലാണ് ശിക്ഷ. കോടതിയില്‍ കള്ളം പറഞ്ഞതിന് രണ്ട് പേര്‍ക്ക് ഒരു വര്‍ഷം വീതം തടവും ഒളിവിലായിരുന്ന ഒരാള്‍ക്ക് അഭയം നല്‍കിയതിന് നാല് പേര്‍ക്ക്കൂടി ഒരു വര്‍ഷം വീതം തടവുമാണ് വിധിച്ചത്.

Content Highlight: Fire breaks out in Kuwait apartment; six workers die