ഫലസ്തീൻ അഭയാർത്ഥികളുടെ പദവി ഇല്ലാതാക്കാനും അവരുടെ ചരിതം ഇല്ലാതാക്കാനുള്ള ഇസ്രഈലിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് യു.എൻ.ആർ.ഡബ്ല്യൂ.എയിലുണ്ടായ തീപിടിത്തമെന്ന് ഐക്യരാഷ്ട്ര സഭ അപലപിച്ചു.
ഫലസ്തീൻ പ്രദേശത്ത് ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര നിയമത്തെയും ധിക്കരിക്കുന്നതിന് പരിധികളില്ലെന്ന് മുതിർന്ന യു.എൻ ഉദ്യോഗസ്ഥൻ ആരോപിച്ചു.
കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറായിലുള്ള യു.എൻ.ആർ.ഡബ്ല്യു.എ (UNRWA) കോമ്പൗണ്ടിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ബുൾഡോസറുകൾ അയച്ച ഇസ്രഈൽ നടപടിയെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.
ജനുവരി 14-ന് ഇസ്രായേൽ സൈന്യം കിഴക്കൻ ജറുസലേമിലെ UNRWA ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ചു കയറുകയും അത് അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രഈൽ സൈന്യത്തിന്റെ നടപടി ജീവനക്കാരെ വളരെയധികം ഭയപ്പെടുത്തിയതായി യു.എൻ ഏജൻസി റിപ്പോർട്ട് ചെയ്തു.
2024-ൽ പാസാക്കിയ UNRWA വിരുദ്ധ നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട്, കഴിഞ്ഞ ഡിസംബറിൽ ഇസ്രഈൽ പാർലമെന്റ് കൊണ്ടുവന്ന പുതിയ നിയമനിർമാണത്തിന്റെ നേരിട്ടുള്ള ഫലമാണ് ഈ നടപടികളെന്നാണ് റിപ്പോർട്ടുകൾ.
യു.എൻ ഏജൻസികൾക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മാനുഷിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണെന്നും ഐക്യരാഷ്ട്ര സഭ ആവർത്തിച്ചു
Content Highlight: Fire breaks out at UN agency in East Jerusalem