ജയ്പൂര്‍ ആശുപത്രിയില്‍ തീപിടുത്തം; ആറ് മരണം
India
ജയ്പൂര്‍ ആശുപത്രിയില്‍ തീപിടുത്തം; ആറ് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2025, 6:43 am

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍സിങ് (എസ്.എം.എസ്) ആശുപത്രിയിലുണ്ടായ വന്‍തീപിടുത്തത്തില്‍ ആറ് മരണം. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെ ട്രോമ ഐ.സി.യുവിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്.

ആശുപത്രിയുടെ രണ്ടാംനിലയിലാണ് തീ പടര്‍ന്നത്. രണ്ട് ഐ.സി.യുകളിലായി ചികിത്സയില്‍ കഴിഞ്ഞവരാണ് അപകടത്തില്‍പ്പെട്ടത്.

ട്രോമ ഐ.സി.യുവില്‍ 11 രോഗികളും സെമി ഐ.സി.യുവില്‍ 13 രോഗികളുമാണ് ചികിത്സയിലുണ്ടായിരുന്നത്. മരണപ്പെട്ട രോഗികളില്‍ പലരും കോമയിലായിരുന്നു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടുത്തത്തെ തുടര്‍ന്ന് വിഷവാതകം പുറത്തെത്തിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് ട്രോമ സെന്റര്‍ ഇന്‍ചാര്‍ജ് ഡോ. അനുരാഗ് ധക്കഡ് പറഞ്ഞു.

അപകടത്തിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ ആശുപത്രി സന്ദര്‍ശിച്ചു.

Content Highlight: Fire breaks out at Jaipur SMS hospital ICU; six dead