അര്‍പോറ: വടക്കന്‍ ഗോവയിലെ അര്‍പോറയിലെ പ്രമുഖ നിശാക്ലബായ ബിര്‍ച്ചില്‍ തീപിടുത്തം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നാല് വിനോദ സഞ്ചാരികളും 19 ക്ലബ് ജീവനക്കാരുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
50 ഓളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ സമീപത്തെ ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ പൊള്ളലേറ്റാണ് മരിച്ചത്. മറ്റു മരണങ്ങള്‍ പുക ശ്വസിച്ചുള്ള അസ്വസ്ഥത കാരണമാണെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ക്ലബിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നും വാതകം ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടായതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
ക്ലബ് അടയ്ക്കുന്ന സമയമായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. ജീവനക്കാര്‍ അവസാനവട്ട വൃത്തിയാക്കല്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഉഗ്രശബ്ദത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപടര്‍ന്നത്.
നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം മുഴുവന്‍ തീ പിടിച്ചതിനാല്‍ അകത്തുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നു.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ വേദനയുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചു.